കൊമ്പനാട്: വിവാഹത്തിന്റെ ആർഭാടമൊഴിവാക്കി അശരണർക്ക് ആശ്വാസമേകി സി.പി.എം ആദ്യ കാല നേതാവിന്റെ കുടുംബം സമൂഹത്തിന് മാതൃകയായി. വേങ്ങൂർ ആസ്ഥാനമായ ഇ.എം.എസ് സ്മാരക കനിവ് പാലിയേറ്റീവ് ജീവകാരുണ്യ സംഘത്തിനാണ് ഒരു ലക്ഷം രൂപ കൈമാറിയത്. സി.പി.എം ആദ്യകാല നേതാവ് എൻ.ആർ രാമകൃഷ്ണന്റെ ചെറുമകളും കൊമ്പനാട് നിരവത്തുപറമ്പിൽ ഫെഡറൽ ബാങ്ക് അസിസ്റ്റന്റ് വൈസ് പ്രസിഡന്റായ എൻ.ഷിബുകുമാറിന്റെയും കുറുപ്പംപടി ഡയറ്റിലെ റിട്ടയേർഡ് സീനിയർ ലക്ചറർ എം.എൻ. ജയയുടെയും മകളായ ദിയ എസ്. ലക്ഷ്മിയുടെ വിവാഹ ദിനത്തിലാണ് തുക കൈമാറിയത്. കൊവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചാണ് ചടങ്ങുകൾ നടത്തിയത്. വരുന്ന 6 ന് എൻ.ആറിന്റെ മുപ്പതാം ചരമ വാർഷികത്തിന്റെ മുന്നോടിയായാണ് എസ്.ബി.ഐ ഡെപ്യൂട്ടി മാനേജർ കൂടിയായ ദിയ ഇത്തരമൊരു തീരുമാനമെടുത്തത്. കൊവിഡ് നാളുകൾക്ക് മുമ്പെ തീരുമാനിച്ചതായിരുന്നു വിവാഹം. കൊവിഡിനിടയിൽ ചടങ്ങുകൾ കുറച്ച് അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. വരൻ പറവൂർ മാങ്ങാട്ട് സിദ്ധാർത്ഥും വധുവും ചേർന്ന് ചടങ്ങിനെത്തിയ മുൻ എം.എൽ.എ സാജുപോൾ, ടെൽക്ക് ചെയർമാൻ എൻ.സി മോഹനൻ എന്നിവർക്ക് തുകയുടെ ചെക്ക് കൈമാറി. കോതമംഗലം എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് അജി നാരായണൻ, സി.പി.എം മുൻ ഏരിയ കമ്മിറ്റിയംഗം എൻ.രഞ്ജിത്ത് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. സമീപത്തെ അഗതി മന്ദിരങ്ങളിൽ വിഭവ സമൃദ്ധമായ സദ്യയും ഇതോടൊപ്പം നൽകി.