supreme-court

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി മാറ്റണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയതിനെതിരെ സർക്കാർ അടുത്തയാഴ്ച സുപ്രീം കോടതിയിൽ അപ്പീൽ നൽകും. ഇതിനായി കേസിന്റെ രേഖകളും മറ്റും ഡൽഹിയിലെ മുതിർന്ന അഭിഭാഷകനു കൈമാറി.

വിചാരണ നടക്കുന്നത് എറണാകുളം അഡി. സ്പെഷ്യൽ സെഷൻസ് (സി.ബി.ഐ കോടതി) കോടതിയിലാണ്. വനിതാ ജഡ്ജി അദ്ധ്യക്ഷയായ കോടതിയിൽ വിചാരണ നടത്തണമെന്ന നടിയുടെ ആവശ്യം പരിഗണിച്ചാണ് ഹൈക്കോടതി ഇതനുവദിച്ചത്. കോടതി പക്ഷപാതപരമായാണ് പെരുമാറുന്നതെന്നും അകാരണമായി പ്രോസിക്യൂഷനെയും അന്വേഷണ ഏജൻസിയെയുംം വിമർശിച്ചെന്നുമാരോപിച്ച് സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. എ. സുരേശൻ രംഗത്തെത്തി. തുടർന്നാണ് കോടതി മാറ്റത്തിനായി നടിയും പ്രോസിക്യൂഷനും ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി സിംഗിൾബെഞ്ച് ഇതനുവദിച്ചില്ല.സുപ്രീം കോടതിയെ സമീപിക്കാൻ വിചാരണക്കോടതിയിലെ നടപടികൾക്കുള്ള സ്റ്റേ നീട്ടണമെന്ന ആവശ്യവും ഹൈക്കോടതി അനുവദിച്ചില്ല. ഇതിനിടെയാണ് കോടതി മാറ്റം ആവശ്യപ്പെട്ട് സർക്കാരിന് സുപ്രീം കോടതിയെ സമീപിക്കാമെന്ന് നിയമോപദേശം ലഭിച്ചത്. വിചാരണ ഡിസംബർ ആദ്യം പുന:രാരംഭിക്കാനിരിക്കെ സ്പെഷ്യൽ പ്രോസിക്യൂട്ടർ എ. സുരേശൻ രാജിവച്ചു. ആഭ്യന്തര വകുപ്പ് അഡി. ചീഫ് സെക്രട്ടറിക്ക് കൈമാറിയ രാജിക്കത്ത് ഇതുവരെ സർക്കാർ സ്വീകരിച്ചിട്ടില്ല. അതിനിടെയാണ് അപ്പീൽ നൽകാൻ നിയമോപദേശം ലഭിച്ചത്.