police

കൊച്ചി: മദ്യപാനികൾക്കും മാനസിക വൈകല്യങ്ങളുള്ളവർക്കും ഇവിടെ പ്രവേശനമില്ല...! ഇങ്ങനെയൊരു മുന്നറിയിപ്പ് നാട്ടിലെങ്ങും കേട്ടുകേഴിവില്ലെങ്കിലും വൈപ്പിൻ ദ്വീപിലെ മുനമ്പം പൊലീസ് സ്റ്റേഷനിലെ അലിഖിത നിയമങ്ങളിലൊന്നാണിത്.

നിയമം കേരള പൊലീസ് ആക്ടിലുള്ളതുമല്ല, സ്റ്റേഷനിലെ പൊലിസുകാർ സ്വന്തം നിലയിൽ നിർമ്മിച്ചതുമല്ല. സ്റ്റേഷന്റെ കാവൽച്ചുമതല സ്വയം ഏറ്റെടുത്തൊരു തെരുവ് നായയുടെ തീരുമാനമാണ്. തെരുവിന്റെ സന്തതിയായി പിറന്നുവീണ് ആരുടെയൊക്കെയൊ കാരുണ്യത്താൽ അതിജീവിച്ച് സ്വന്തം കാലിൽ നിൽക്കാറായപ്പോൾ നേരെ പൊലീസ് സ്റ്റേഷന്റെ പടി കടന്നെത്തിയ പെൺനായ സ്വയം തീരുമാനിച്ച് നടപ്പാക്കിയ നീതിനിർവഹണം.

വന്നിട്ട് രണ്ടുവർഷത്തോളമായി, പിന്നീട് മടങ്ങിപ്പോയിട്ടില്ല. നാട്ടിലെ ജനങ്ങളുടെ സുരക്ഷയ്ക്ക് രാപ്പകൽ ഓടിനടന്ന് അദ്ധ്വാനിക്കുന്ന പൊലീസുകാർക്ക് കാവലായി അവിടെകൂടി.

ആദ്യമൊക്കെ എച്ചിൽകഴിച്ച് വയറുനിറച്ചവൾക്ക് പിന്നീട് സ്റ്റേഷനിലെ മെസിൽ തയ്യാറാക്കുന്ന ഭക്ഷണത്തിന്റെ പങ്ക് കിട്ടിത്തുടങ്ങി. സ്റ്റേഷന്റെ തിണ്ണയിൽ തല ചായ്ക്കാൻ സുരക്ഷിതമായ സ്ഥലവുമുണ്ട്. വെറുതെ ഉണ്ടും ഉറങ്ങിയും ജീവിച്ചാൽ പോര, ഉണ്ണുന്ന ചോറിന് നന്ദിയും വേണമെന്ന വീണ്ടുവിചാരത്തിൽ നിന്നാകാം ഇങ്ങനൊരുതീരുമാനം ഉരുത്തിരിഞ്ഞതെന്ന് പൊലീസുകാർ പറയുന്നു.

ആരോടും ആലോചിക്കാതെ ചില നിയമങ്ങൾ നടപ്പിലാക്കി. അതിലൊന്നാണ് മദ്യപിച്ചിട്ട് ആരും സ്റ്റേഷൻ കോമ്പൗണ്ടിൽ പ്രവേശിക്കാൻ പാടില്ലെന്നത്. മാനസികനില തെറ്റിയവർക്കും പ്രവേശനമില്ല. സ്റ്റേഷന്റെ മതിൽക്കെട്ടിനുള്ളിൽ കയറി വെറുതെ ഒച്ചപ്പാടുണ്ടാക്കാനും പാടില്ല. ഇതിന് വിരുദ്ധമായി പെരുമാറുന്നവരെ നേരിടും. പൊലീസുകാർ വന്ന് സമാധാനം പറയാതെ പിന്മാറുന്ന പ്രശ്നവുമില്ല. പ്രശ്നം രമ്യമായി പരഹരിച്ചുകഴിഞ്ഞാൽ, 'ഇനി നിങ്ങളായി നിങ്ങളുടെ പാടായി ' എന്ന മട്ടിൽ മാറിയിരിക്കും.

നൈറ്റ് ഡ്യൂട്ടിയാണ് കൂടുതൽ ഇഷ്ടം. പകൽ സമയത്ത് ഭക്ഷണം കഴിച്ച് നന്നായി ഉറങ്ങും. സ്റ്റേഷന്റെ നടവാതിൽക്കൽ തന്നെയാണ് കിടപ്പ്. എത്ര മയക്കത്തിലായാലും സ്റ്റേഷൻ ഹൗസ് ഓഫീസർ വരുമ്പോൾ എണീറ്റുവന്ന് വണങ്ങാനും അവൾക്കറിയാം. മുനമ്പം സ്റ്റേഷനിൽ അന്തേവാസിയായിട്ട് രണ്ടുവർഷത്തോളമായെങ്കിലും സ്വന്തമായൊരു പേരില്ലെന്ന കുറവുണ്ട്. എടീ... എന്നൊക്കെ വിളിച്ചാലും മതി. പക്ഷേ, വിളിക്കേണ്ടവർ വിളിക്കണം എന്നുമാത്രം.