കൊച്ചി: അർബൻ നക്സലുകൾക്കെതിരായ ഭരണകൂടത്തിന്റെ കർശന നടപടികൾ മാവോയിസ്റ്റ് സംഘടനയുടെ വോട്ട് ബഹിഷ്കരണ പ്രചാരണം നിർജീവമാക്കി. ഇതിന്റെ ഫലമായി പ്രത്യയശാസ്ത്ര ബോധവത്കരണ പ്രക്രിയയിൽ മാവോയിസ്റ്റ് സംഘടനകൾ പിന്നോട്ടു പോകുന്നതായി രഹസ്യാന്വേഷണ ഏജൻസികൾ വിലയിരുത്തുന്നു.
മുൻനിര ജനകീയ സംഘടനകളുടെ പ്രവർത്തനങ്ങൾക്ക് ക്ഷീണം സംഭവിച്ചതാണ് കാരണം. മാവോയിസ്റ്റുകളുടെ രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ വളർച്ച മുരടിക്കാൻ ഭരണകൂടങ്ങളുടെ ഈ നീക്കം കാരണമാകുന്നതായാണ് വിലയിരുത്തപ്പെടുന്നത്.
അടുത്തകാലത്തായി പല കേസുകളിലായി കേന്ദ്ര - സംസ്ഥാന ഏജൻസികൾ അറസ്റ്റുചെയ്തവരിൽ പലരും മാവോയിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ ജനകീയ മുഖങ്ങളായിരുന്നു. മഹാരാഷ്ട്രയിലെ ഭീമ കൊറേഗാവ് കേസും കേരളത്തിലെ അലൻ - താഹ കേസും ഉദാഹരണങ്ങളാണ്. ഭീമ കൊറേഗാവ് കേസിൽ അറസ്റ്റിലായവർ ഇപ്പോഴും ജയിലിലാണ്.
നിർജീവമാകുന്ന സംഘടനകൾ
റാഡിക്കൽ യൂത്ത് ലീഗ്, റാഡിക്കൽ സ്റ്റുഡന്റ്സ് യൂണിയൻ, പോരാട്ടം, ഞാറ്റുവേല, ആൾ ഇന്ത്യ റവലൂഷണറി സ്റ്റുഡന്റ്സ് ഫെഡറേഷൻ, ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം, ഡെമോക്രാറ്റിക് സ്റ്റുഡന്റ് അസോസിയേഷൻ, പുരോഗമന യുവജനപ്രസ്ഥാനം, ആദിവാസി സമരസംഘം തുടങ്ങിയ വിവിധ പേരുകളിൽ പ്രവർത്തിച്ചിരുന്ന സംഘടനകളൊന്നും തിരഞ്ഞെടുപ്പ് പടിക്കലെത്തിയിട്ടും ബഹിഷ്കരണാഹ്വാനവുമായി സജീവമായി രംഗത്തില്ല. വ്യാപകമായ പോസ്റ്റർ പ്രചാരണം, ലഘുലേഖ വിതരണം, പത്രക്കുറിപ്പുകൾ എന്നീ നിലകളിലുള്ള ഇടപെടലുകൾ തിരഞ്ഞെടുപ്പ് കാലത്ത് ഇത്തരം സംഘടനകളിൽ നിന്ന് സജീവമായി ഉണ്ടാകാറുണ്ട്. കേരളത്തിൽ അടുത്ത കാലത്തുണ്ടായ പൊലീസ് നടപടികളും ഇതിന് കാരണമാണ്. എന്നാൽ പൊലീസ് വേട്ടയെക്കാൾ കേസുകളും അനിശ്ചിതമായി നീളുന്ന ജയിൽവാസവുമാണ് സംഘടനകളുടെ പ്രവർത്തനങ്ങളെ ബാധിക്കുന്നത്.