sajith-poothotta

കൊച്ചി: കാലിന്റെ സ്വാധീനക്കുറവിൽ തളർന്നില്ല. വിധിക്കെതിരെ പൊരുതി ജീവതത്തിൽ നേട്ടങ്ങൾ സ്വന്തമാക്കി. സ്വന്തമായി അധ്വാനിച്ച് കുടുംബത്തിന് താങ്ങും തണലുമായി. ഉദയംപേരൂർ പഞ്ചായത്ത് എട്ടാം വാർഡിലെ എൻ.ഡി.എ സ്ഥാനാർത്ഥി സജിത്തിന് പോരാടാനുള്ള ഊർജം സ്വന്തം ജീവിതമാണ്. ലോട്ടറി വില്പനയാണ് സജിത്തിന്റെ തൊഴിൽ. മുച്ചക്രവണ്ടിയിലാണ് സഞ്ചാരമെങ്കിലും പൊതുപ്രവർത്തനത്തിന് ശാരീരിക വൈകല്യം ഒരു തടസമായി സജിത്ത് കാണുന്നില്ല.കൊവിഡ് കാലത്ത് പൂത്തോട്ട പ്രദേശത്തെ ചില ഭാഗങ്ങൾ കണ്ടെയ്ൻമെന്റ് സോണായപ്പോൾ ഒറ്റപ്പെട്ടുപോയ നിരവധി കുടുംബങ്ങൾക്ക് സഹായ ഹസ്തവുമായെത്തിയത് സജിത്തിന്റെ തന്റെ മുചക്രവണ്ടിയിലാണ്. നിരവധി കേന്ദ്ര സർക്കാർ പദ്ധതികൾ ജനങ്ങളിലെത്തിക്കാനും സജിത്ത് മുമ്പന്തിയിലുണ്ടായിരുന്നു. കിസാൻ സമ്മാൻ പദ്ധതിയിൽ ആളുകളെ ചേർക്കുമ്പോൾ പാർട്ടി നോക്കിയില്ലെന്ന് സജിത്ത് പറയുന്നു. പൂത്തോട്ട ഏറിയയിൽ ബി.ജെ.പിയെ ശക്തമാക്കുന്നതിൽ 15 വർഷത്തെ പ്രവർത്തനത്തിൽ സജിത്തും പങ്ക് വഹിച്ചിട്ടുണ്ട്. 2011 ലെ തിരഞ്ഞെടുപ്പിൽ 36 വോട്ട് മാത്രമായിരുന്ന വാർഡിൽ 2015 ൽ പാർട്ടി നേടിയത് 250 വോട്ടാണെന്ന് സജിത്ത് ചൂണ്ടിക്കാട്ടി. അച്ഛനും അമ്മയും ചേച്ചിയും സഹോദരനും ഭാര്യയും രണ്ട് മക്കളുമുള്ള കൂട്ടുകുടുംബമാണ് സജിത്തിന്റേത്.