കൊച്ചി : ചേരാനെല്ലൂർ പഞ്ചായത്ത് സെക്രട്ടറി കോടതിയലക്ഷ്യക്കേസിൽ വ്യാജ സത്യവാങ്മൂലം നൽകിയെന്ന പരാതിയിൽ മുൻ പ്രോസിക്യൂഷൻ അഡിഷണൽ ഡയറക്ടർ ജനറൽ ടോം ജോസ് പടിഞ്ഞാറേക്കരയെ ഹൈക്കോടതി അമിക്കസ് ക്യൂറിയായി നിയമിച്ചു. പഞ്ചായത്ത് സെക്രട്ടറിയുടെ നടപടിയെക്കുറിച്ച് അഡ്വക്കേറ്റ് ജനറലിനെ അറിയിക്കാൻ സീനിയർ ഗവ. പ്ളീഡറോടു നിർദേശിച്ച സിംഗിൾബെഞ്ച് ഹർജി ഡിസംബർ മൂന്നിലേക്ക് മാറ്റി. വീടിനു നമ്പരിടാനും ഒക്യുപെൻസി സർട്ടിഫിക്കറ്റ് നൽകാനുമുള്ള സിംഗിൾബെഞ്ചിന്റെ ഉത്തരവു പാലിച്ചില്ലെന്ന് ആരോപിച്ച് എറണാകുളം സൗത്ത് ചിറ്റൂർ സ്വദേശി ജോ തട്ടിൽ നൽകിയ കോടതിയലക്ഷ്യ ഹർജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. സിംഗിൾബെഞ്ചിന്റെ ഉത്തരവിനെ ചോദ്യംചെയ്ത് അപ്പീൽ നൽകാൻ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ടെന്നാണ് പഞ്ചായത്ത് സെക്രട്ടറി വി. ആർ. മല്ലിക സത്യവാങ്മൂലങ്ങൾ നൽകിയത്. എന്നാൽ ഹൈക്കോടതി ഉത്തരവ് പഞ്ചായത്ത് കമ്മിറ്റി പരിഗണിച്ചെങ്കിലും അപ്പീൽ നൽകാനുള്ള തീരുമാനമെടുത്തിട്ടില്ലെന്ന് ഹർജിക്കാരൻ വ്യക്തമാക്കി. തുടർന്നാണ് ഇൗ വിഷയത്തിൽ കോടതിയെ സഹായിക്കാൻ അമിക്കസ് ക്യൂറിയെ നിയോഗിച്ചത്.