cusat

കളമശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല ശാസ്ത്ര സമൂഹ പഠന കേന്ദ്രത്തിന്റെ (സിസിസ്) ആഭിമുഖ്യത്തിൽ ഏഴിക്കര പഞ്ചായത്തിലെ തെരഞ്ഞെടുത്ത 20 വനിതകൾക്കായി നടത്തിയ കേടായ എൽ.ഇ.ഡി ബൾബുകൾ നന്നാക്കുന്നത് സംബന്ധിച്ച ത്രിദിന പരിശീലന ശില്പശാല സമാപിച്ചു. സമാപന സമ്മേളനത്തിൽ പള്ളിയാക്കൽ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് എം എസ് ജയചന്ദ്രൻ, സിസിസ് ഡയറക്ടർ പ്രൊഫ. എം. ഭാസി, ബാങ്ക്് ഡയറക്ടർ ബോർഡ് അംഗം ചന്ദ്രബാബു, ഡോ. അബേഷ് രഘുവരൻ, തുടങ്ങിയവർ സംസാരിച്ചു.
വി.പി. ഗോപാലകൃഷ്ണൻ നായർ, രാഹുൽ ദാസ്, രേഷ്മ എന്നിവർ നയിച്ച ശില്പശാലയിൽ പങ്കെടുത്തവർ സ്വന്തം വീട്ടിലെ കേടായ എൽ.ഇ.ഡി ബൾബുകൾ കൊണ്ടുവരികയും ക്ലാസിൽ നിന്നും നേടിയ സാങ്കേതിക പരിജ്ഞാനത്തിലൂടെ അവ നന്നാക്കുകയും ചെയ്തു. പരിശീലനത്തിൽ പങ്കെടുത്തവർക്ക് സമാപന സമ്മേളനത്തിൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ശാസ്ത്രം ക്യാമ്പസിൽ നിന്നും സമൂഹത്തിലേക്ക് എത്തിക്കുന്നതിന്റെ തുടർച്ചയായി ഇനിയും ഇത്തരത്തിലുള്ള പരിശീലന പരിപാടികൾക്ക് കുസാറ്റ് നേതൃത്വം നൽകുമെന്ന് സിസിസ് ഡയറക്ടർ പറഞ്ഞു.