reco

കോലഞ്ചേരി: കൊവിഡ് തളർത്തി. തിരഞ്ഞെടുപ്പ് കരയറ്റി. സ്റ്റുഡിയോകളിൽ ഇപ്പോൾ സന്തോഷത്തിന്റെ റെക്കോഡിംഗ് ! മഹാമാരിയിൽ പ്രതിസന്ധിയിലാണ് റെക്കോഡിംഗ് സ്റ്റുഡിയോകൾക്ക് തിരഞ്ഞെടുപ്പ് പുതുജീവൻ നൽകുകയാണ്. തിരഞ്ഞെടുപ്പ് ഹെടെക്ക് ആയതോടെ പാട്ടും അനൗൺസ്മെന്റിനും ആളുകൾ കൂടിയതാണ് വരുമാനത്തിന് വകയായത്. പോസ്​റ്റർ, ബോർഡ് തുടങ്ങിയ രീതികൾക്ക് മൂർച്ച കുറഞ്ഞെന്ന നിഗമനത്തിൽ വാർഡ് മുതൽ ഡിവിഷൻ സ്ഥാനാർത്ഥികൾ വരെ സ്റ്റുഡിയോ സേവനം തേടിയതോടെയാണ് ഇവരുടെ തലവര മാറിയത്. വാഹനങ്ങളിലെ അനൗൺസ്‌മെന്റിന് ഒപ്പം സമൂഹമാദ്ധ്യമങ്ങൾ വഴിയുള്ള പ്രചാരണത്തിന് വേണ്ടിയും റെക്കോർഡിംഗ് നടക്കുന്നുണ്ട്. ഒരു സിനിമാ ഗാനം പ്രചാരണ ഗാനമാക്കി മാ​റ്റി റെക്കോർഡ് ചെയ്യുന്നതിന് 3000 രൂപ വരെയാണ് ചെലവ്. ഗായകർ 1000, സ്​റ്റുഡിയോ വാടക 1000, ഓർക്കസ്ട്ര 1000 എന്നിങ്ങനെ നൽകണം. സംഗീതം കരോക്കെയായി റെക്കോർഡ് ചെയ്താൽ 2000 രൂപ പാട്ടൊന്നിന് മതി. സ്ഥാനാർത്ഥിയുടെ അനൗൺസ്‌മെന്റിന്1500 - 2000 രൂപയാണ് നിരക്ക്. സിനിമാ ഗാനം കൂടാതെ സ്ഥാനാർത്ഥിയെക്കുറിച്ച് വിവരിച്ച് പാട്ടെഴുതി നൽകുന്നതിന് 1000 രൂപ വരെ പ്രതിഫലമുണ്ട്. കഴിഞ്ഞ തവണ പ്രചാരണത്തിന് ഒന്നര മാസം മുമ്പു തന്നെ ഗാനങ്ങൾ, അനൗൺസ്‌മെന്റ് എന്നിവയ്ക്കായി സ്റ്റുഡിയോകളിൽ വൻ തിരക്കായിരുന്നു. ഇക്കുറി പ്രചാരണത്തിനുള്ള സമയക്കുറവ് തിരിച്ചടിയാകുമോ എന്ന ആശങ്കയിലാണ് നടത്തിപ്പുകാർ.

നഷ്ടകാലം

പ്രതീക്ഷയോടെ കാത്തിരുന്ന ഉത്സവ സീസൺ നഷ്ടമായത് ഗായകർ, ഓർക്കസ്ട്ര ജീവനക്കാർ, പാട്ടെഴുത്തുകാർ അടക്കം മേഖലയിൽ പ്രവർത്തിച്ചിരുന്ന നൂറുകണക്കിന് കലാകാരൻമാരെ ദുരിതത്തിലാക്കിയിരുന്നു. ഉത്സവ പരിപാടികളുടെ തിരക്ക് വർദ്ധിക്കുന്ന മാർച്ച് മാസത്തിൽ ലോക്ക് ഡൗൺ എത്തിയതോടെ അവസാനഘട്ട മിനുക്കുപണികൾ മാത്രം ബാക്കിയുണ്ടായിരുന്ന ഭക്തി ഗാനങ്ങളുടെ റെക്കോർഡിംഗ് മുടങ്ങിയത് വൻ നഷ്ടം വരുത്തി. അയ്യപ്പ ഭക്തി ഗാനങ്ങളുടെ കാലമായ വൃശ്ചികത്തിലും കൊവിഡ് തിരിച്ചടിയായി.