കോലഞ്ചേരി: ക്വാറന്റൈനിൽ കഴിയുന്നവർക്ക് തപാൽ വോട്ട് ചെയ്യുന്നതിനുളള സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി പഞ്ചായത്തുതല ആരോഗ്യ കേന്ദ്രങ്ങൾ മുഖേന ഇത്തരക്കാരുടെ പട്ടിക തയ്യാറാക്കുന്നു. ഇതിലേയ്ക്കായി ജില്ലയിൽ ഇന്ന് മുതൽ ഡിസംബർ 9 വരെ ഏതെങ്കിലും കാരണത്താൽ സമ്പർക്കവിലക്കിൽ കഴിയുന്നവരെയാണ് പട്ടികയിൽ ഉൾപ്പെടുത്തുക. കൊവിഡ് സ്ഥിരീകരിച്ചവർ, രോഗീസമ്പർക്കം ഉണ്ടായതുമൂലമോ, മറ്റ് രാജ്യങ്ങളിൽ നിന്നോ,സംസ്ഥാനങ്ങളിൽ നിന്നോ വന്നതുമൂലമോ ക്വാറന്റൈനിൽ കഴിയുന്നവരും തങ്ങളുടെ പഞ്ചായത്തിലെ ആരോഗ്യകേന്ദ്രം തയ്യാറാക്കുന്ന പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പാക്കണം. ഇന്ന് മുതൽ ഡിസംബർ 9 വരെ ഈ പട്ടിക പുതുക്കി കൊണ്ടിരിക്കും.ഒരിക്കൽ പട്ടികയിൽ ഉൾപ്പെട്ടവർ ഈ കാലയളവിൽ ക്വാറന്റൈൻ സമയം അവസാനിച്ചാലും പ്രത്യേക തപാൽ വോട്ട് തന്നെയായിരിക്കും ചെയ്യേണ്ടത്. സമ്പർക്ക വിലക്കിൽ കഴിയുന്നവർക്ക് സ്വന്തം പേര് പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന്, പ്രദേശത്തെ ആരോഗ്യ പ്രവർത്തകർ, ആശാപ്രവർത്തകർ മുഖേന അന്വേഷിച്ച് ഉറപ്പാക്കണമെന്ന് വടവുകോട് ബ്ലോക്ക് ആരോഗ്യവിഭാഗം അറിയിച്ചു.