പറവൂർ: പറവൂർ നഗരത്തിന്റെ സമഗ്ര വികസനവുമായി യു.ഡി.എഫ് പ്രകടന പത്രിക പുറത്തിറക്കി. നഗരത്തിലെ കൂടുതൽ ഗതാഗത കുരുക്ക് അനുഭവപ്പെടുന്ന ചേന്ദമംഗലം, കെ.എം.കെ ജംഗ്ഷനുകൾ വികസിപ്പിക്കും. പുതിയ ഹൈവേ വരുന്നതോടെ പെരുമ്പടന്ന ജംഗ്ഷനിൽ മിനി മൊബിലിറ്റി ഹമ്പ് നിർമ്മിച്ച് പ്രധാന ബസ് സ്റ്റാൻഡാക്കി മാറ്റും. നിലവിലുള്ള സ്വകാര്യ ബസ് സ്റ്റാൻഡിൽ നഗരസഭ ശതാബ്ദി മന്ദിരം നിർമ്മിക്കും. സ്റ്റേഡിയം ഗ്രൗണ്ട് നവീകരിച്ച് കൂടുതൽ കളിക്കങ്ങൾ നിർമ്മിക്കും. മൂന്നാം വാർഡിൽ നഗരസഭ ഏറ്റെടുത്ത സ്ഥലത്ത് പട്ടികജാതിക്കാർക്കായി വ്യാവസായ പാർക്ക് ആരംഭിക്കും. ഭിന്നശേഷി കുട്ടികൾക്ക് താമരവളവിൽ റസിഡൻഷ്യൽ ബഡ്സ് സ്കൂൾ. സർക്കാർ പോളിടെക്നിക്ക് ആംഭിക്കാനുള്ള നടപടികൾ സ്വീകരിക്കും. നഗരത്തിലെ എല്ലാ തോടുകൾ നവീകരിക്കും. താലൂക്ക് ആശുപത്രിയിലെ പഴയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റി ബഹുനില മന്ദിരം നിർമ്മിക്കും. ട്രോമാ കെയർ, കാത്ത് ലാബ്, കാനസർ ഡിറ്റക്ഷൻ സെന്റർ എന്നീ സൗകര്യങ്ങളും പുതിയ ഇന്റൻസീവ് കെയർ യൂണിറ്റും സ്ഥാപിക്കും. എല്ലാ വീടുകളിലും മാലിന്യ ബിന്നുകൾ നൽകും. വെടിമറ ഡംപിംഗ് യാർഡിലെ മാലിന്യം നീക്കി ആധുനിക മാലിന്യ സംസ്കാരണ പ്ളാന്റ് നിർമ്മിക്കും. സീറോ വേസ്റ്ര് നഗരമാക്കും. കച്ചേരി മൈതാനം അറ്റകുറ്റപണികൾ തീർത്ത് പുതിയ ഹൈമാസ്റ്റ് ലാമ്പ് സ്ഥാപിക്കും. ഭൂരഹിത ഭവനരഹിതർക്കായി ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി ഫ്ളാറ്റ് നിർമ്മിച്ചു നൽകും. മാർക്കറ്റിൽ താമസ സൗകര്യവും ടൊലൈറ്റ് കോംപ്ളകസും നിർമ്മിക്കും. നഗരത്തിൽ ആർട്ട് ഗ്യാലറി, വൈഫൈ, സിന്തറ്റിക് വോളിബോൾ കോർട്ട്, മിനി ഓപ്പൺ ഓഡിറ്രേറിയം, ഫിറ്റ്നെസ്സ് സെന്റർ, ഷെൽട്ടർ ഹോം എന്നിവ സൗകര്യങ്ങൾ ഏർപ്പെടുത്തും. യു.ഡി.എഫിന് പറവൂർ നഗരസഭയിൽ തുടർ ഭരണമുണ്ടാകുമെന്നും മുൻവർഷത്തെക്കാളും കൂടുതൽ സീറ്റുകളിൽ വിജയിക്കുമെന്നും നേതാക്കൾ പത്രസമ്മേളനത്തിൽ പറഞ്ഞു. എം.ജെ. രാജു, രമേഷ് ഡി. കുറുപ്പ്. പ്രദീപ് തോപ്പിൽ, ഡി. രാജ്കുമാർ, ഡെന്നി തോമസ് എന്നിവർ പങ്കെടുത്തു.