പള്ളുരുത്തി: കൊച്ചി പഴയ കൊച്ചിയല്ല. പക്ഷേ, കുടിവെള്ള പ്രശ്നം നാട്ടുകാരെ ദുരിതാത്തിലാക്കി പഴയത് പോലെ തന്നെ. കൊച്ചി നഗരം അടിമുടി മാറിയെങ്കിലും വർഷങ്ങൾ പഴക്കമുള്ള കൊച്ചി നിവാസികളുടെ ആവശ്യത്തിന് ഇപ്പോഴും പരിഹാരമായിട്ടില്ല. പല പദ്ധതി ആവിഷ്കരിച്ചെങ്കിലും ശുദ്ധജലം പശ്ചിമകൊച്ചിക്കാർക്ക് ഇന്നും അന്യം. ഈ പ്രശ്നം പരിഹരിക്കാൻ കൊച്ചിക്കാൻ മുന്നിട്ടിറങ്ങുകയാണ്. . ഇതിന്റെ അദ്യപടിയാണ് വോട്ട് തേടി എത്തുന്നവർക്ക് മുന്നിൽ കുടിവള്ള പ്രശ്നം അവതരിപ്പിക്കുന്നത്. വോട്ട് തരാം കുടിക്കാൻ നല്ല വെള്ളം തരൂ എന്നതാണ് മുദ്രാവാക്യം. അതേസമയം മട്ടാഞ്ചേരി തുരുത്തിയിൽ ഭൂരിഭാഗം പേരും ഇത്തവണ വോട്ട് ബഹിഷ്ക്കരിക്കുകയാണ്. കഴിഞ്ഞ കുറെ മാസങ്ങളായി ഇവിടെ കുടിവെള്ളം ലഭിച്ചിട്ടില്ല. കിട്ടുന്നതാകട്ടെ മലിനമായ ജലവും. പള്ളുരുത്തി, പെരുമ്പടപ്പ്, കോണം തുടങ്ങിയ സ്ഥലങ്ങളിലും അവസ്ഥ ഇതുതന്നെ. വാട്ടർ അതോറിറ്റിയോട് പരാതി പറഞ്ഞിട്ടും യാതൊരു ഫലവുമില്ലെന്ന് ഇവിടുത്തുകാർ പറയുന്നു.
പല പൈപ്പുകളും കാലപ്പഴക്കം ചെന്നതാണ്. കാനയിലൂടെയും തോടുകളിലൂടെയും കടന്നു പോകുന്ന ഇവ പൊട്ടി തകരുമ്പോഴാണ് മലിനജലം അകത്തു കടക്കുന്നത്. രേഖാമൂലം പരാതിയുമായി അധികാരികളെ സമീപിച്ചിട്ടും നടപടി വൈകുന്നു. ചെല്ലാനം, കുമ്പളങ്ങി പഞ്ചായത്തുകളിലും കുടിവള്ളെ ക്ഷാമം രൂക്ഷമാണ്. മുൻ കാലങ്ങളിൽ വെള്ളം ഇല്ലാത്ത സ്ഥലങ്ങളിൽ ടാങ്കർ ലോറികളിൽ കുടിവെള്ളം എത്തിച്ചിരുന്നു.എന്നാൽ മാസങ്ങളായി അതും നിലച്ചു.ചെല്ലാനം പഞ്ചായത്തിലും കുടിവെള്ള വിഷയത്തിന്റെ പേരിലും വോട്ട് ബഹിഷ്ക്കരണം നടത്തുമെന്നാണ് തീരദേശവാസികൾ പറയുന്നത്.