കോലഞ്ചേരി: മനയ്ക്കക്കടവ്‌ -നെല്ലാട് റോഡിന്റെ നിർമ്മാണ പ്രവർത്തികൾ തുടങ്ങാത്തതിന്റെ വിശദീകരണം നല്കണമെന്ന് ഹൈക്കോടതി .ഇക്കാര്യത്തിൽ വിശദീകരണം അറിയിക്കാൻ കോടതി സർക്കാരിന് നിർദ്ദേശം നൽകി. റോഡ് നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് വി.പി. സജീന്ദ്രൻ എം.എൽ.എ സമർപ്പിച്ച ഹർജി പരിഗണിച്ച് കോടതി നവംബർ 4 ന് മൂന്നാഴ്ചയ്ക്ക് ശേഷം നിർമ്മാണ പുരോഗതി അറിയിക്കുന്നതിന് നേരത്തെ നിർദ്ദേശം നൽകിയിരുന്നു. റോഡപകടങ്ങൾ അടിക്കടി ഉണ്ടാകുന്നതും ജനങ്ങളുടെ യാത്ര ദുരിതത്തിനും പരിഹാരം ഉണ്ടാവുന്നതിനായി റോഡ് നിർമ്മാണം ത്വരിതപ്പെടുത്തുന്നതിനും സംസ്ഥാന പാതയായ മനയ്ക്കകടവ് പള്ളിക്കര റോഡിലെയും കിഴക്കമ്പലം നെല്ലാട് റോഡിലെയും നിർമ്മാണ പ്രവർത്തികൾ ഉടൻ ആരംഭിക്കണമെന്ന് ഹർജി നൽകിയ വി.പി. സജീന്ദ്രൻ എം.എൽ.എ കോടതിയിൽ ആവശ്യപ്പെട്ടു. റോഡ് നിർമ്മാണ പ്രവർത്തികൾ ആരംഭിക്കണമെന്നാവശ്യപ്പെട്ട് കുന്നത്തുനാട് പഞ്ചായത്ത് മുൻ പ്രസിഡന്റ് അഡ്വ. രാജു ജോസഫും, പട്ടിമ​റ്റം ജനസേവാ റസിഡന്റ്സ് അസോസിയേഷൻ രക്ഷാധികാരി ബിജു എം.ജോർജും കേസിൽ കക്ഷി ചേർന്നിരുന്നു. മനയ്ക്കക്കടവ് -പളളിക്കര -നെല്ലാട് റോഡ് ഗതാഗതയോഗ്യമാക്കണം എന്നാവശ്യപ്പെട്ടാണിത്. റോഡ് നവീകരണ പ്രവർത്തികൾ ഉടൻ ആരംഭിക്കുന്നതിന് നിർദ്ദേശം നൽകണമെന്നും ആവശ്യമുണ്ട്.

2021 മാർച്ചിൽ പണി തീർക്കും

നിലവിൽ പട്ടിമ​റ്റം - പത്താംമൈൽ റോഡിലാണ് നവീകരണ പ്രവൃത്തികൾ നടക്കുന്നതെന്നും മനയ്ക്കക്കടവ്‌ - നെല്ലാട് റോഡടക്കം 2021 മാർച്ച് 20 ന് നിർമ്മാണ പ്രവർത്തികൾ പൂർത്തീകരിക്കുമെന്ന് സർക്കാർ കോടതിയെ അറിയിച്ചു.കേസ് അടുത്ത 8 ന് വീണ്ടും പരിഗണിക്കും. കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് എറണാകുളം തേക്കടി സംസ്ഥാന പാതയിലെ 22 കിലോമീ​റ്ററോളമുള്ള റോഡ് നിർമ്മാണത്തിനായി കളമശേരിയിലെ ഡീൻസ് ഗ്രൂപ്പ് കരാർ ഏ​റ്റെടുത്തത്. 2018 ൽ ആരംഭിച്ച് ഒന്നര വർഷത്തിനകം പൂർത്തീകരിക്കാനായിരുന്നു പദ്ധതി