lisa-johnson
ലിസ ജോൺസൺ

ആലുവ: ആലുവ നഗരസഭയിലെ തോട്ടക്കാട്ടുകര ഗണപതി ടെമ്പിൾ ആറാം വാർഡ് ഇക്കുറി ഗണപതിയുടെ അനുഗ്രഹം ആർക്കായിരിക്കും. ആരെ തുണക്കുമെന്ന് ആർക്കും നിശ്ചയമില്ലാത്ത അവസ്ഥയാണ്. സീറ്റ് നിലനിർത്താൻ കോൺഗ്രസും പിടിച്ചെടുക്കാൻ എൽ.ഡി.എഫും എൻ.ഡി.എയും ശക്തമായ പോരാട്ടത്തിലാണ്.

വനിത സംവരണ വാർഡായ ഇവിടെ ഇക്കുറി മൂന്ന് മുന്നണികളും ശക്തമായുണ്ട്.

സിറ്റിംഗ് സീറ്റിൽ മുൻ കൗൺസിലർ ലിസ ജോൺസനെയാണ് കോൺഗ്രസ് രംഗത്തിറക്കിയിട്ടുളളത്. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തെത്തിയ എൻ.ഡി.എക്ക് വേണ്ടി ഇക്കുറി ബി.ഡി.ജെ.എസിലെ പ്രസി ബേബിരാജാണ്. കഴിഞ്ഞ തവണ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട എൽ.ഡി.എഫ് എൽസി സേവ്യറിലൂടെ തിരിച്ചുവരവിന് ശ്രമിക്കുകയാണ്.

സിറ്റിംഗ് കൗൺസിലർ വാർഡിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ ചൂണ്ടികാട്ടിയാണ് കോൺഗ്രസ് വോട്ട് പിടിക്കാൻ ശ്രമിക്കുന്നത്. വാർഡ് മുഴുവൻ എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിച്ച സംസ്ഥാനത്തെ ആദ്യവാർഡാണെന്ന് കോൺഗ്രസ് പറയുന്നു. പ്രളയകാലത്തും കൊവിഡ് കാലത്തും നടത്തിയ ഇടപെടലും അനുകൂലഘടകമാണെന്ന് കോൺഗ്രസ് സ്ഥാനാർത്ഥി പറയുന്നു.

സിറ്റിംഗ് കൗൺസിലർക്ക് സീറ്റ് നിഷേധിച്ച കോൺഗ്രസ് നേതൃത്വത്തോടുള്ള എതിർപ്പ് തങ്ങൾക്ക് ഗുണം ചെയ്യുമെന്നാണ് എൽ.ഡി.എഫും എൻ.ഡി.എയും പറയുന്നത്. കഴിഞ്ഞ തവണ 102 വോട്ടിനാണ് ജെറോം മൈക്കിൾ എൻ.ഡി.എ സ്ഥാനാർത്ഥി എസ്.പി. രാജീവിനെ പരാജയപ്പെടുത്തിയത്. മൂന്നാം സ്ഥാനത്തെത്തിയത് മുസ്ലീംലീഗിലെ ഇ.എം.എ കെരീമായിരുന്നു. അദ്ദേഹത്തിന് 79 വോട്ട് ലഭിച്ചപ്പോൾ എൽ.ഡി.എഫ് സ്വതന്ത്രൻ ജോസഫ് അഗസ്റ്റിന് ലഭിച്ചത് 29 വോട്ട് മാത്രമാണ്. 2010ൽ ഇവിടെ കോൺഗ്രസിലെ സി. ഓമന 111 വോട്ടിന് വിജയിച്ച വാർഡാണ്. അന്ന് ബി.ജെ.പി സ്ഥാനാർത്ഥി 16 വോട്ട് നേടിയപ്പോൾ എൽ.ഡി.എഫിന് 141 വോട്ട് ലഭിച്ചു.

കോൺഗ്രസ് സ്ഥാനാർത്ഥി ലിസ ജോൺസൺ സ്വകാര്യ സ്ഥാപനത്തിൽ കാന്റീൻ ജീവനക്കാരിയും മഹിള കോൺഗ്രസിന്റെ ഭാരവാഹിയുമാണ്. എ ഗ്രൂപ്പ് സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ഐ പക്ഷത്തെത്തിയാണ് സ്ഥാനാർത്ഥിയായത്. എൻ.ഡി.എ സ്ഥാനാർത്ഥി പ്രസി ബേബിരാജ് തോട്ടക്കാട്ടുകരയിൽ തയ്യൽക്കട നടത്തുകയാണ്. എൽ.ഡി.എഫിലെ എൽസി സേവ്യർ അതിരൂപതയുടെ സോഷ്യൽ വർക്കറാണ്.