ആലുവ: ത്രിതല തിരഞ്ഞെടുപ്പിൽ കൊവിഡ് ബാധിതർക്ക് വീട്ടിലിരുന്ന് വോട്ട് ചെയ്യാൻ അവസരമൊരുക്കും. ആലുവ നഗരത്തിൽ 26 വാർഡുകളിലായി നൂറ് പേരുടെ പ്രത്യേക പട്ടിക തയ്യാറാക്കി. തിരെഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വീട്ടിലെത്തി ബാലറ്റ് പേപ്പറിൽ വോട്ട് മേടിക്കുമെന്ന് തിരെഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
നിലവിൽ ആലുവ നഗരത്തിൽ 50 കൊവിഡ് രോഗികളാണുള്ളത്. അതിൽ ഒരു സ്ഥാനാർത്ഥിയും ഉൾപ്പെടും. ബാക്കി അമ്പതു പേർ ക്വറന്റൈനിൽ ഉള്ളവരാണ്. ഓരോ വാർഡിലും ഏകദേശം അഞ്ച് പേർ വീതം ഇത്തരത്തിൽ വോട്ട് ചെയ്യേണ്ടി വരുമെന്നാണ് വിലയിരുത്തൽ. ഇന്നലെ ജില്ലാശുപത്രിയിൽ നിന്ന് നൽകിയ പട്ടികയനുസരിച്ചാണ് 100 പേരെ കണ്ടെത്തിയിരിക്കുന്നത്. വീട്ടിൽ പോസ്റ്റൽ ബാലറ്റ് പേപ്പറുമായി ചെല്ലുന്ന ഉദ്യോഗസ്ഥർ അപ്പോൾ തന്നെ വോട്ട് ചെയ്യിപ്പിച്ച ശേഷം ബാലറ്റുമായി മടങ്ങും. പി.പി.ഇ കിറ്റ് ധരിച്ചായിരിക്കും ഉദ്യോഗസ്ഥരെത്തുക. പട്ടികയിൽപെട്ടവർ പിന്നീട് നെഗറ്റീവ് ആയാലും ബൂത്തിലെത്തി വോട്ട് ചെയ്യാനാകില്ല.
29ന് ഓരോ വാർഡിലേയും പട്ടിക ജില്ലാ മെഡിക്കൽ ഓഫീസറിന് അയക്കും. 30 മുതൽ ഡിസംബർ 9 ഉച്ചതിരിഞ്ഞ് 3 മണി വരെ ലിസ്റ്റ് സ്വീകരിക്കും. ഡി.എം.ഒ യുടെ അംഗീകാരമുള്ള ഈ പ്രത്യേക പട്ടികയിൽ വരുന്നവർക്ക് പോസ്റ്റൽ ബാലറ്റ് അനുവദിക്കുകയാണ് ചെയ്യുക. ഡിസംബർ 9 ഉച്ചതിരിഞ്ഞ് മൂന്നിന് ശേഷം കൊവിഡ് സ്ഥിരീകരിക്കുന്നവർക്കാണ് ബൂത്തിൽ നേരിട്ടെത്തി വോട്ട് ചെയ്യാൻ അനുവദിക്കുക. ആ സമയം ബൂത്തിലെ എല്ലാ ഉദ്യോഗസ്ഥരും ഏജന്റുമാരും പി.പി.ഇ കിറ്റ് ധരിച്ചിരിക്കണമെന്നും നിബന്ധനയുണ്ട്.