മട്ടാഞ്ചേരി: കൊച്ചിൻ കോളേജിലെ സ്വാശ്രയ സീറ്റിൽ പ്രവേശനത്തിന് വിദ്യാർത്ഥികളിൽ നിന്നും ലക്ഷങ്ങൾ കോഴ വാങ്ങിയ സംഭവത്തിൽ വിജിലൻസ് തെളിവെടുത്തു.വിദ്യാർത്ഥികൾ, മാതാപിതാക്കൾ എന്നിവരിൽ നിന്നാണ് മൊഴിയെടുത്തത്. പലരും കോഴ നൽകിയതായി ഇവർ മൊഴി നൽകിയായാണ് വിവരം. കോളേജ് ഡയറക്ടർ, മാനേജർ, അസി.മാനേജർ എന്നിവരോടും വിശദീകരണം തേടിയിട്ടുണ്ട്.മാനേജ്മെന്റ് കോട്ടയിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവരിൽ നിന്നും തെളിവെടുത്തിട്ടുണ്ട്. കൊച്ചിയിലെ വിദ്യാർത്ഥിനി കോളേജിൽ ഒഴിവുള്ള ബി.എ. ഇക്കണോമിക്സ് പ്രവേശനത്തിന് എത്തിയപ്പോൾ കോഴ വാങ്ങി എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.ഒക്ടോബർ 13ന് കോളേജിലെ എൽ.ഡി.ക്ളാർക്കിനെ ഫോർട്ടുകൊച്ചിയിൽ വിജിലൻസ് പരിശോധന നടത്തിയതിന്റെ അടിസ്ഥാനത്തിൽ അയ്യായിരം രൂപ പണമായും 13 ലക്ഷം രൂപയുടെ ചെക്കും പിടിച്ചെടുത്തു. കൂടാതെ ഇയാളുടെ വീട്ടിൽ നിന്നും കണക്കിൽപ്പെടാത്ത നാല് ലക്ഷം രൂപയും കണ്ടെടുത്തു. വിജിലൻസ് എസ്.ഐ. ഹരീഷ് കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത ബിനീഷിനെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കി. ഡി.വൈ.എസ്.പി സി.എം.വർഗീസിന്റെ നേതൃത്വത്തിലാണ് അന്വേഷണം.