padam
വെങ്ങോല പഞ്ചായത്തിലെ അല്ലപ്ര ഒർണ പാടത്ത് ബാങ്ക് ആവിഷ്‌കരിച്ച പുനർജനി കൃഷി വ്യാപന പദ്ധതിയുടെ ഭാഗമായ ഞാറ്റടിയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് എം.ഐ ബീരാസ് നിർവഹിക്കുന്നു

പെരുമ്പാവൂർ: വെങ്ങോല പഞ്ചായത്തിലെ അല്ലപ്ര ഒർണ പാടം വീണ്ടും കതിരണിയുന്നു. രണ്ടു പതിറ്റാണ്ടായി തരിശു കിടക്കുന്ന പാടശേഖരത്തിൽ വെങ്ങോല സഹകരണ ബാങ്കിന്റെ നേതൃത്വത്തിലാണ് നെൽകൃഷി ഒരുക്കുന്നത്. 30 ഏക്കറിലായി നിരന്നു കിടക്കുന്ന ഈ നെൽപാടം മുപ്പതോളം കർഷകരുടെ ഉടമസ്ഥതയിലുള്ളതാണ്. കൃഷിയിടം മൂന്നു വർഷത്തേക്കു ബാങ്ക് പാട്ടത്തിനെടുത്തിരിക്കുന്നു. ബാങ്ക് ആവിഷ്‌കരിച്ച പുനർജനി കൃഷി വ്യാപന പദ്ധതിയുടെ ഭാഗമായാണ് നെൽകൃഷിക്കു തുടക്കം കുറിച്ചിരിക്കുന്നത്. നാട്ടുകാരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി ഞാറ്റടിയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് എം.ഐ. ബീരാസ് നിർവഹിച്ചു. ഭരണ സമിതി അംഗങ്ങളായ കെ.കെ. ശിവൻ, സി.എസ്. നാസിറുദ്ദീൻ, ബിനേഷ് ബേബി, അഡ്വ. വി. വിതാൻ, സന്ധ്യ ആർ. നായർ, ബാങ്ക് സെക്രട്ടറി സിന്ധുകുമാർ, സി.എം. മുജീബ്, പി.എ. ഷമീർ എന്നിവർ പങ്കെടുത്തു.