joys

• മൂവാറ്റുപുഴ പതിനാലാം വാർഡിൽ തീപാറും പോരാട്ടം


മൂവാറ്റുപുഴ: ഇടതുമുന്നണിയുടെ സിറ്റിംഗ് സീറ്റായ നഗരസഭ പതിനാലാം വാർഡ് സീറ്റ് തിരിച്ചുപിടിക്കാൻ കരുത്തുറ്റ യുവ വനി​താസാരഥിയെ രംഗത്തിറക്കി കോൺഗ്രസ്. പൊതുപ്രവർത്തകയായ ജോയ്‌സ് മേരി ആന്റണിയാണ് കൈപ്പത്തി ചിഹ്നത്തിൽ മൽസരിക്കുന്നത്. വർഷങ്ങൾക്ക് ശേഷം പാർട്ടി ചിഹ്നത്തിൽ വോട്ടു ചെയ്യാൻ കഴിയുന്നതിന്റെ ആവേശത്തിലാണ് വാർഡിലെ കോൺഗ്രസ് പ്രവർത്തകർ.

ഇടുക്കിയിൽ ജനിച്ചുവളർന്ന ജോയ്‌സ് അന്തർദേശീയ തലങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച സ്ത്രീശബ്ദമാണ്. കെ.സി.വൈ.എം, ഐ.സി.വൈ.എം ഉൾപ്പെടെ വിവിധ യുവജന സംഘടനകളിൽ ഭാരവാഹിത്വം വഹിച്ച ജോയ്‌സ് വടക്കെ ഇന്ത്യയിലെ ആദിവാസികളുടെ ക്ഷേമപ്രവർത്തനങ്ങളിൽ സജീവമായിരുന്നു. 2008 ലെ കെ.സി.ബി.സി ബെസ്റ്റ് യൂത്ത് അവാർഡ് ജേതാവും യുവജന നേതാവുമാണ്. മികച്ച പ്രാസംഗികയും മോട്ടിവേഷണൽ ട്രെയിനറും വിദ്യാഭ്യാസ പ്രവർത്തകയുമായ ജോയ്സ് മൂവാറ്റുപുഴയിലെ പൊതുരംഗത്തെ ജനകീയ മുഖം കൂടിയാണ്.

സന്നദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ഇരുപതോളം വിദേശ രാജ്യങ്ങൾ സന്ദർശിച്ചി​ട്ടുണ്ട്. ഇന്ത്യയിലുടനീളം പ്രവർത്തിക്കുകയും ചെയ്തു.

2010 ൽ അമേരിക്കയിൽ വേൾഡ് യൂത്ത് പാർലമെന്റിലും 2012 ൽ സ്‌പെയിനിൽ ലോകയുവജന സമ്മേളനത്തിലും ഇന്ത്യയിൽ നിന്നുള്ള പ്രതിനിധിയും കോർഡിനേറ്ററുമായി​രുന്നു.

29ാം വയസിൽ വിധവയായിട്ടും പൊന്നോമനകളെ പോറ്റാൻ വെല്ലുവിളികളെ ഏറ്റെടുത്ത് മാതൃകയായി മാറിയ യുവതിയാണ് ജോയ്‌സ്. മഹിളാ കോൺഗ്രസിന്റെ എറണാകുളം ജില്ലാ ഐ.ടി കോർഡിനേറ്ററായ ജോയ്‌സ് സംഘടനാ രംഗത്തും സജീവമാണ്.

പ്രീത അജിയാണ് ഇവിടെ എൽ.ഡി.എഫ് സ്ഥാനാർത്ഥി.