വൈപ്പിൻ : 2008-2009 ൽ സുനാമി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ഞാറക്കൽആറാട്ട് വഴി ഫിഷ്ഫാം റോഡ് അഞ്ച് വർഷമായി തകർന്നുകിടക്കുന്നതിനാൽ പരിസരത്തുള്ള 85 ഓളം വരുന്ന കുടുംബങ്ങൾ ഇത്തവണത്തെ പഞ്ചായത്ത് തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്ന് തീരദേശ സംരക്ഷണസമിതി അറിയിച്ചു. 450 മീറ്റർ നീളമുള്ള റോഡും റോഡിന്റെ സംരക്ഷണഭിത്തിയും തകർന്നു കിടക്കുന്നതിനാൽ നടക്കാൻ പോലും വഴിയില്ലാത്ത അവസ്ഥയിലാണ്. താഴ്ന്ന പ്രദേശമയതിനാൽ വൃശ്ചിക വേലിയേറ്റം മൂലം വീടുകളിൽ വെള്ളം കയറി മലിനമായി. മലിനജലം കയറുന്നതുകൊണ്ട് പകർച്ചവ്യാധികളും പനിയും ഉണ്ടാകാൻ ഇടയുണ്ട്. ആരോഗ്യവകുപ്പ് അധികൃതർ ഇവിടം സന്ദർശിച്ച് പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്ന് സമിതി ആവശ്യപ്പെട്ടു. എം.എൽ.എ , ജില്ലാ കളക്ടർ എന്നിവർക്ക് ഇക്കാര്യങ്ങൾ വിശദീകരിച്ച് അപേക്ഷ നൽകുമെന്നും സമിതി സൂചിപ്പിച്ചു.