തോപ്പുംപടി: കരുവേലിപ്പടി ഗവ.ആശുപത്രിയിൽ വയോധികക്ക് ചികിത്സ നിഷേധിച്ചതായി പരാതി. പള്ളുരുത്തി കടേഭാഗം സ്വദേശിനി അസ്മക്കാണ് (65) ഇന്നലെ ദുരവസ്ഥ ഉണ്ടായത്. കുളിമുറിയിൽ കാൽ വഴുതിവീണ് തലക്ക് ഗുരുതരമായി പരിക്കേറ്റാണ് ഇവരെ ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചത്.എന്നാൽ ഇവിടെ പ്രവേശിക്കാനോ പ്രാഥമിക ചികിത്സ നൽകാനോ ആശുപത്രി അധികൃതർ തയ്യാറായില്ല. ഇവരെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ സാമ്പത്തികമായി നിർവാഹമില്ലാത്തതിനാൽ ഒരു മണിക്കൂറോളം ആംബുലൻസിൽ കഴിയേണ്ടിവന്നു. യു.ഡി.എഫ് സ്ഥാനാർത്ഥി ഷമീർ വളവത്ത് എത്തി ആശുപത്രി അധികാരികളുമായി സംസാരിച്ചെങ്കിലും നടപടിയായില്ല. തുടർന്ന് ഹൈബി ഈഡൻ എം.പി.ഇടപെട്ട് ഇവരെ എറണാകുളം ഗവ.ആശുപത്രിയിൽ എത്തിച്ച് ചികിത്സസ നൽകി. സംഭവത്തിൽ കരുവേലിപ്പടി ഗവ.ആശുപത്രി അധികാരികൾക്കെതിരെ ആരോഗ്യമന്ത്രിക്ക് പരാതി നൽകുമെന്ന് ബന്ധുക്കൾ അറിയിച്ചു.