election
ആയവന ഡിവിഷൻ ബ്ലോക്ക് പഞ്ചായത്തിൽ യുഡിഎഫ് സ്ഥാനാർത്ഥികളുടെ ഫ്‌ളക്‌സ് ബോർഡുകൾ............ എൽഡിഎഫ് സ്ഥാനാർത്ഥിയുടെ ഫ്‌ളക്‌സ് ബോർഡ്..........

മൂവാറ്റുപുഴ: ബ്ലോക്ക് ഡിവിഷനിലേക്ക് ആയവന ഗ്രാമപഞ്ചായത്തിലെ പഞ്ചായത്തിൽ യു.ഡി.എഫിന് രണ്ട് സ്ഥാനാർത്ഥികൾ മത്സര രംഗത്ത്. ഇടതുമുന്നണി സ്ഥാനാർത്ഥിയായി സി.പി.ഐയിലെ ഷിവാഗോ തോമസും മത്സരിക്കുന്നു . കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ സ്ഥാനാർത്ഥിയായി ജോർജ്.സി.കാക്കനാട്ട് ചെണ്ട അടയളാത്തിൽ മത്സരിക്കുമ്പോൾ കേരള കോൺഗ്രസ് ജേക്കബ് ഗ്രൂപ്പിലെ തോംസൺ പി.സി ബാറ്ററി ടോർച്ച് അടയാളത്തിൽ ജനവിധിതേടുന്നത്. കേരളകോൺഗ്രസ് ജേക്കബ് വിഭാഗത്തിന്റെ സിറ്റിംഗ് സീറ്റായ ആയവന ഡിവിഷനിൽ യു.ഡി.എഫ് നേതൃത്വം ജേക്കബ് ഗ്രൂപ്പിനാണ് സീറ്റ് അനുവദിച്ചത്. എന്നാൽ ജേക്കബ് ഗ്രൂപ്പിന്റെ മുൻ ജില്ലാ പ്രസിഡന്റ് അടയ്ക്കം ജോണിനെല്ലൂരിനൊടൊപ്പം ജോസഫ് ഗ്രൂപ്പിൽ ലയിച്ചിരുന്നു.

മുൻജില്ലാ പ്രസിഡന്റിന്റെ പഞ്ചായത്തായ ആയവനയിൽ ഡിവിഷൻ സീറ്റ് ജോസഫ് ഗ്രൂപ്പിന് അവകാശവാദവുമായി രംഗത്തെത്തിയെങ്കിലും ജേക്കബ് ഗ്രൂപ്പിന്റെ സിറ്റിംഗ് സീറ്റ് യു.ഡി.എഫ് നേതൃത്വം ഇടപെട്ട് ജേക്കബ് ഗ്രൂപ്പിന് നൽകുകയായിരുന്നു. ഈ തീരുമാനത്തിനെതിരായിട്ടാണ് ജോസഫ് വിഭാഗം സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുകയും പ്രചരണരംഗത്ത് സജീവമാകുകയും ചെയ്തത്. ഇടതുമുന്നണി സ്ഥാനാർത്ഥിയായി സി.പി.ഐ ലോക്കൽ സെക്രട്ടറി ഷിവാഗോ തോമസാണ് മത്സരിക്കുന്നത്.

ആശയകുഴപ്പം

ഇരു സ്ഥാനാർത്ഥികളും യു.ഡി.എഫ് ലേബൽ ഉപയോഗിച്ചാണ് പ്രചരണം നടത്തുന്നത്. ഇതിൽ ഏതാണ് ഒറിജിനൽ യു.ഡി.എഫ് സ്ഥാനാർത്ഥിയെന്നത് വോട്ടർമാരിൽ ആശയകുഴപ്പം സൃഷ്ടിച്ചിരിക്കുകയാണ്.
യു.ഡി.എഫ് സ്ഥാനാർത്ഥി കേരള കോൺഗ്രസ് ജേക്കബ് വിഭാഗത്തിലെ തോംസൺ പി.സിയാണന്ന് തെളിയിക്കുന്ന യു.ഡി.എഫ് ജില്ലാ ചെയർമാന്റെ കത്തും പ്രചരണത്തിനായി ഉപയോഗിക്കുന്നുണ്ട്.ആയവന ഗ്രാമപഞ്ചായത്തിലെ പ്രമുഖ നേതാക്കളായ സുഭാഷ് കടക്കോട്, വിൻസന്റ് ജോസഫ്, ജീമോൻ പോൾ, ജോൺ തെരുവത്ത് അടക്കമുള്ള പ്രമുഖർക്ക് ഇക്കുറി സീറ്റ് നൽകാത്തതും പഞ്ചായത്തിൽ യുഡിഎഫിൽ ഭിന്നത വർദ്ധിപ്പിച്ചിരിക്കുകയാണ്. പലവാർഡുകളിലും കേരള കോൺഗ്രസ്, കോൺഗ്രസ് പരസ്പരം മത്സരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. മുതിർന്ന നേതാക്കൾ പലവട്ടം മാരത്തോൺ ചർച്ചകൾ നടത്തിയിട്ടും പഞ്ചായത്തിലെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനായിട്ടില്ല.