കൊച്ചി : നേത്രരോഗ വിദഗ്ദ്ധരുടെ സംഘടനയായ കേരള സൊസൈറ്റി ഒഫ് ഒഫ്‌താൽമിക് സർജൻസിന്റെ (കെ.എസ്.ഒ.എസ്) 47ാമത് വാർഷിക സമ്മേളനം ദൃഷ്ടി 2020 സമാപിച്ചു. കളമശേരി ചാക്കോളാസ് പവിലിയനിൽ ഐ.എം.എ മുൻ സംസ്ഥാന പ്രസിഡന്റ് ഡോ. എബ്രാഹം വർഗീസ് ഉദ്ഘാടനം ചെയ്തു.
കൊവിഡിന്റെ പശ്ചാത്തലത്തിൽ ശാസ്ത്രീയ സമ്മേളനങ്ങളും തുടർവിദ്യാഭ്യാസ ചർച്ചകളും ഓൺലൈൻ വഴിയാണ് സംഘടിപ്പിച്ചത്. നേത്രസംരക്ഷണത്തിനും ശസ്ത്രക്രിയകൾക്കും കൊവിഡ് പ്രോട്ടോക്കോൾ നടപ്പാക്കുന്നതിനെക്കുറിച്ച് നടക്കുന്ന പഠനങ്ങൾ യോഗം വിലയിരുത്തി. ടി.കെ. അലക്‌സാണ്ടർ മെമ്മോറിയൽ ഒറേഷൻ അവാർഡ് പത്മശ്രീ ഡോ. പി.നംപെരുമാൾ സാമിക്കും ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് ഡോ. ജോർജ് തോമസ്, ഡോ. എം.എസ് വെങ്കിടാചലം എന്നിവർക്കും സമർപ്പിച്ചു. കെ.എസ്.ഒ.എസ് പ്രസിഡന്റ് ഡോ. മീന ചക്രബർത്തി, പുതിയ പ്രസിഡന്റ് ഡോ. ബാബു കൃഷ്ണകുമാർ, ജനറൽ സെക്രട്ടറി ഡോ.ജി. മഹേഷ്, സംഘാടക സമിതി ചെയർമാൻ ഡോ. സാജു ജോസഫ്, സെക്രട്ടറി ഡോ. തോമസ് ചെറിയാൻ തുടങ്ങിയവർ പ്രസംഗിച്ചു.