rubber

കോലഞ്ചേരി: പ്രതീക്ഷയിലാണ് ഗ്രാമീണ മേഖല, വിലയിടിവുകാരണം ഏറെനാൾ ആളനക്കമില്ലാതെ കിടന്ന റബർ തോട്ടങ്ങൾ സജീവമായിത്തുടങ്ങി. സാമാന്യം നല്ല വില ലഭിക്കുന്നതിനാലും മഴമാറിയതിനാലും ടാപ്പിംഗ് ആരംഭിച്ചു.

162 രൂപ വരെ വിലയായപ്പോൾ കാടുമൂടിക്കിടന്ന തോട്ടങ്ങൾ തെളിഞ്ഞുതുടങ്ങി. ടാപ്പിംഗും വളപ്രയോഗവും പുനരാരംഭിച്ചു.

കൂലി കൊടുക്കാൻ പോലും കിട്ടുന്ന വരുമാനം തികയാതെ വന്നപ്പോൾ തോട്ടത്തിലേക്ക് കർഷകർ തിരിഞ്ഞുനോക്കാതായി. സ്വന്തമായി ടാപ്പിംഗ് ചെയ്യുന്നവർ മാത്രമാണ് രംഗത്തുണ്ടായിരുന്നത്. ഗതികെട്ട് നിൽക്കുന്ന അവസ്ഥയിലാണ് വില വീണ്ടും 150 ന് മുകളിലേയ്ക്ക് എത്തുന്നത്.

വിലയിടവ് ഏറെക്കാലം തുടർന്നത് തെല്ലൊന്നുമല്ല കർഷകന്റെ സ്വപ്നങ്ങളെ ബാധിച്ചത്. ജില്ലയുടെ കിഴക്കൻ മേഖലയെ ഇത് പൊതുവേ മാന്ദ്യത്തിലാക്കി. കൊവിഡ് വന്നപ്പോൾ കൂനിന്മേൽ കുരുവായി. റബർമരം വെട്ടിമാ​റ്റി മ​റ്റു കൃഷികളിലേക്ക് തിരിഞ്ഞവരുമുണ്ട്.

യന്ത്റം ഉപയോഗിച്ചാണ് ഇപ്പോൾ തോട്ടങ്ങളിൽ കാട് തെളിക്കൽ. ഇതരസംസ്ഥാന തൊഴിലാളികൾ തന്നെയാണ് മുന്നിൽ. അതിരാവിലെത്തന്നെ യന്ത്റങ്ങളുമായി തോട്ടങ്ങളിലെത്തി ഇവർ പണി തുടങ്ങുന്നു. മണിക്കൂറിനാണ് കൂലി.