കൊച്ചി: സോളാർ ആരോപണത്തിൽ രണ്ട് എം.എൽ.എമാർക്ക് പങ്കുണ്ടെന്ന വെളിപ്പെടുത്തലിനെക്കുറിച്ച് സമഗ്രമായി അന്വേഷിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു. സി.ബി.ഐ ഉൾപ്പെടെ ഏത് കേന്ദ്ര ഏജൻസിയുടെയും അന്വേഷണമാകാമെന്നും പ്രസ് ക്ളബിന്റെ മുഖാമുഖത്തിൽ അദ്ദേഹം പറഞ്ഞു.
സോളാർ ഇരയുടെ കത്തിൽ ഉമ്മൻ ചാണ്ടിയുടെ പേര് എഴുതിച്ചേർത്തത് രണ്ട് എം.എൽ.എമാർ നിർബന്ധിച്ചാണെന്ന ശരണ്യ മനോജിന്റെ ആരോപണത്തെക്കുറിച്ചും അന്വേഷണം വേണം. വിജിലൻസ് അന്വേഷണത്തിൽ യോജിപ്പില്ല. ഉമ്മൻചാണ്ടി സർക്കാരിനെ അട്ടിമറിക്കാൻ സൃഷ്ടിച്ച രാഷ്ട്രീയഗൂഢാലോചനയാണ് ഇപ്പോൾ പുറത്തായത്.
കെ.എസ്.എഫ്.ഇയിലെ വിജിലൻസ് റെയ്ഡ് പ്രഹസനമാകരുത്. ധനമന്ത്രിയുടെ വകുപ്പിനു കീഴിലെ സ്ഥാപനത്തിൽ മുഖ്യമന്ത്രി ഭരിക്കുന്ന വിജിലൻസ് റെയ്ഡ് നടത്തിയത് സി.പി.എമ്മിലെ ആഭ്യന്തര കലഹത്തിന്റെ ഭാഗവുമാണ്. ധനമന്ത്രി തോമസ് ഐസക്കിനെ ഒറ്റപ്പെടുത്തി ആക്രമിക്കാനും സ്വഭാവഹത്യ നടത്താനുമാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം സത്യസന്ധമായി തുടർന്നാൽ മുഖ്യമന്ത്രിയിലേക്കും കുടുംബത്തിലേക്കുമെത്തും. ശിവശങ്കരൻ നിറുത്തിയിടത്തു നിന്ന് സി.എൻ. രവീന്ദ്രനിലേക്ക് അന്വേഷണം മാറും. മുഖ്യമന്ത്രിയുടെ വിശ്വസ്തനായ രവീന്ദ്രന്റെ സാമ്പത്തിക വളർച്ച സംഭ്രമിപ്പിക്കുന്നതാണെന്നും ഇ.ഡി പറയുന്നതിൽ കഴമ്പുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.