ആലുവ: കൊവിഡിനെ നേരിടാൻ മെഗാ ഫോണുമായി സ്ഥാനാർത്ഥികളുടെ പുതിയ പരീക്ഷണം. തിരഞ്ഞെടുപ്പ് കാലത്തെ ഞായറാഴ്ച്ചകളിൽ പതിവായുള്ള ആൾക്കൂട്ട ഭവന സന്ദർശനം കൊവിഡ് നിയന്ത്രണത്തിൽ നിലച്ചതോടെയാണ് സ്ഥാനാർത്ഥികൾ മെഗാ ഫോണുമായി വോട്ടർമാരെ കീഴടക്കുന്നത്.
ഒരേ സമയം അഞ്ച് പേരിൽ കൂടുതൽ ഭവന സന്ദർശനം നടത്തരുതെന്നാണ് കൊവിഡ് മാനദണ്ഡപ്രകാരമുള്ള തിരഞ്ഞെടുപ്പ് ചട്ടം. ഇത് സംബന്ധിച്ച് സ്ഥാനാർത്ഥികൾക്കും രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്കും വരണാധികാരി പ്രത്യേക നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. നിർദ്ദേശം ലംഘിക്കുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. ഈ സാഹചര്യത്തിലാണ് സ്ഥാനാർത്ഥികൾ വോട്ടർമാരുടെ മനസ് കീഴടക്കാൻ പുതിയ തന്ത്രം പരീക്ഷിക്കുന്നത്. സ്ഥാനാർത്ഥികളുടെ സംഘം വോട്ടർമാരുടെ വീടുകളിലേക്കും പ്രവേശിക്കുന്നില്ല. പകരം അഞ്ചും ആറും വീടുകൾ ഇടവിട്ട് സ്ഥാനാർത്ഥി 'കുഞ്ഞൻ' പ്രസംഗം നടത്തി പോകുകയാണ്. മെഗാ ഫോണിൽ പ്രസംഗം വോട്ടർമാർ വീടിന് പുറത്തേക്ക് ഇറങ്ങുമ്പോൾ എല്ലാവരോടും വോട്ടഭ്യർത്ഥിച്ച് സ്ഥാനാർത്ഥി അടുത്ത കേന്ദ്രത്തിലേക്ക് മടങ്ങും.
സ്ഥാനാർത്ഥിക്ക് വോട്ടഭ്യർത്ഥിക്കുന്ന പാരഡി ഗാനങ്ങൾ വോട്ടർമാരെ കേൾപ്പിച്ചാണ് സ്ഥാനാർത്ഥികളും സംഘവും പര്യടനം നടത്തുന്നത്.