കൊച്ചി: പാലാരിവട്ടം ഫ്ളൈ ഓവറിന്റെ പൊളിച്ചുനീക്കിയ ഗർഡറുകൾക്ക് പകരം പുതിയത് ഈയാഴ്ച സ്ഥാപിച്ചുതുടങ്ങും. ഫ്ളൈ ഓവറിന്റെ നടുവിലെ സ്പാനുകൾ താൽക്കാലികമായി ഉയർത്തി തൂണുകൾ ബലപ്പെടുത്തുന്ന ജോലികളും ആരംഭിക്കും. രണ്ടു സ്പാനുകൾ ഒഴികെ പൂർണമായും പൊളിച്ചുമാറ്റിയതോടെ പുതിയ ഗർഡറുകൾ സ്ഥാപിക്കുന്നതിന് കരാറുകാർ നടപടികൾ ആരംഭിച്ചു.

നിശ്ചയിച്ചതിലും വേഗതയിലാണ് ഡൽഹി മെട്രോ റെയിൽ കോർപ്പറേഷന്റെ (ഡി.എം.ആർ.സി) മേൽനോട്ടത്തിൽ പൊളിക്കലും നിർമ്മാണവും. നടുവിലെ രണ്ടു സ്പാനുകൾക്ക് കുഴപ്പമില്ല. ഇവ താങ്ങുന്ന തൂണുകൾക്കാണ് ബലക്ഷയം. തൂണുകളിലെ പിയർ ക്യാപ്പുകൾ പൊളിച്ചുമാറ്റി പുതിയ ക്യാപ്പുകൾ നിർമ്മിക്കുകയും തൂണുകൾക്ക് അധികബലം നൽകുകയും ചെയ്യും. കോൺക്രീറ്റ് ജാക്കറ്റിംഗ് സംവിധാനം ഉപയോഗിച്ചാണ് തൂണുകൾ ബലപ്പെടുത്തുന്നത്.

പിയർ ക്യാപ്പുകൾ സ്ഥാപിച്ചശേഷം സ്പാനുകൾ താഴ്‌ത്തിവയ്ക്കും. പ്രത്യേക സംവിധാനം ഉപയോഗിച്ചാണ് ക്രെയിനുകളുടെ സഹായത്തോടെ സ്പാനുകൾ ഉയർത്തുന്നത്.

ആകെയുള്ള 19 സ്പാനുകളിൽ 17 എണ്ണവും അറുത്തുമുറിച്ച് നീക്കി. സ്ഥലത്തു തന്നെ പൊട്ടിച്ച് കോൺക്രീറ്റും കമ്പിയും വേർതിരിച്ച് വിവിധ സ്ഥലങ്ങളിലേക്ക് മാറ്റുകയാണ്. കോൺക്രീറ്റ് റോഡ് നിർമ്മാണത്തിനും നികത്തലിനും ഉപയോഗിക്കുകയാണ്.

സ്പാനുകൾ നീക്കിയ തൂണുകളിലെ പിയർ ക്യാപ്പുകൾ ബലപ്പെടുത്തുന്ന ജോലികളാണ് മുന്നേറുന്നത്. ആറു പിയർ ക്യാപ്പുകൾ പൂർത്തിയായി. ഒൻപത് തൂണുകൾ ബലപ്പെടുത്തി. പുതിയ ഗർഡറുകൾ ഈയാഴ്ച സ്ഥാപിച്ചുതുടങ്ങും. ഉരുക്ക് കമ്പികൾ ഉപയോഗിച്ച് നിർമ്മിച്ച പ്രീട്രസ്ഡ് കോൺക്രീറ്റ് ഗർഡറുകളാണിവ. മുട്ടത്തെ മെട്രോ യാർഡിൽ ഗർഡറുകൾ തയ്യാറാണ്.

പൊളിക്കൽ പൂർണം

പാലത്തിന്റെ പൊളിക്കൽ ജോലികൾ ഏതാണ്ട് പൂർത്തിയായതായി അധികൃതർ അറിയിച്ചു. സ്പാനുകൾ പൊളിച്ചുനീക്കലായിരുന്നു ഏറ്റവും വലിയ ദൗത്യം. ഇത് നിശ്ചയിച്ചതിലും വേഗത്തിൽ കഴിഞ്ഞു. കോൺക്രീറ്റ് മാലിന്യങ്ങൾ നീക്കുന്ന ജോലികളാണ് തുടരുന്നത്.