തൃപ്പൂണിത്തുറ: കരിങ്ങാച്ചിറ സെന്റ ജോർജ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ പ്രസിദ്ധമായ തമുക്കു പെരുന്നാളിന് നാഴെ തുടക്കമാകും. കോതമംഗലം ചെറിയപള്ളിയിൽ കബറടങ്ങിട്ടുള്ള യൽദോ മാർ ബസേലിയോസ് ബാവയുടെ തിരുശേഷിപ്പ് സ്ഥാപിച്ചതിന്റെ ഓർമ്മയാണ് പെരുന്നാൾ ആഘോഷം. നാളെ രാവിലെ ഏഴിന് നടക്കുന്ന കുർബാനക്ക് യാക്കോബായ സഭ മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രീഗോറിയോസ് കാർമ്മികത്വം വഹിക്കും. എട്ടിന് കൊടിയേറ്റം.വൈകീട്ട് ആറിന് സന്ധ്യാപ്രാർത്ഥന.ബുധനാഴ്ച രാവിലെ ഏഴിന് കുർബാന,വൈകിട്ട് ആറിന് സന്ധ്യാപ്രാർത്ഥന തുടർന്ന് തിരുവാങ്കുളം കുരിശുപള്ളിയിലേക്ക് പ്രദക്ഷിണം, പ്രധാന പെരുന്നാൾ ദിനമായ വ്യാഴാഴ്ച വൈകീട്ട് ആറിന് സന്ധ്യാപ്രാർത്ഥന,ഏഴിന് ചിത്രപ്പുഴ കുരിശുപള്ളിയിലേക്ക് പ്രദിക്ഷണം,തുടർന്ന് ആശീർവാദത്തോടെ പെരുന്നാൾ സമാപിക്കും. കൊവിഡ് പശ്ചാത്തലത്തിൽ ഈ വർഷം കത്തീഡ്രലിൽ നിന്നും തമുക്കു നേർച്ചവിതരണം ഉണ്ടായിരിക്കുന്നതല്ല. വിശ്വാസികൾക്ക് തമുക്കു നേർച്ച സമർപ്പിക്കുവാൻ കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം ക്രമീകരണങ്ങൾ ഉണ്ടായിരിക്കും. കുരിശുപള്ളികളിലേക്കുള്ള പ്രദക്ഷിണം വാഹനത്തിലാണ് ക്രമീകരിക്കുന്നത്. ചടങ്ങുകൾ കത്തീഡ്രലിന്റെ ഫേസ്ബുക്ക് പേജിലും, യു ട്യൂബിലും ലഭ്യമായിരിക്കും. കൊവിഡ് മാനദണ്ഡം അനുസരിച്ച് വിശ്വാസികൾ പെരുന്നാൾ ചടങ്ങുകളിൽ പങ്കെടുക്കണമെന്ന് പെരുന്നാൾ കമ്മറ്റി അറിയിച്ചു.