പള്ളുരുത്തി: തിരഞ്ഞെടുപ്പ് പ്രചരണത്തിന് ചൂടുപിടിച്ചപ്പോൾ വ്യത്യസ്തമായാണ് പതിനെട്ടാം ഡിവിഷനായ കോണം പ്രദേശത്തെ എൻ.ഡി.എ.സ്ഥാനാർത്ഥി പ്രിയാ മോൾ വോട്ട് പിടിക്കാൻ ഇറങ്ങിയത്. ഒറിജിനൽ താമര വോട്ടർമാർക്ക് നേരിട്ട് നൽകിയായിരുന്നു താമര ചിഹ്നത്തിൽ വോട്ട് അഭ്യർത്ഥന. കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ സ്ഥാനാർത്ഥിയുടെ കൈയിൽ നിന്നും വിരിഞ്ഞ താമര ഏറ്റുവാങ്ങി. ഇടത്- വലത് മുന്നണികൾ മാറി മാറി കോർപ്പറേഷൻ ഭരിച്ചിട്ടും യാതൊരു വിധ വികസനങ്ങളും ഡിവിഷനിൽ എത്തിയിട്ടില്ല. കഴിഞ്ഞ 40 വർഷമായി 40 അടി റോഡിനായി ജനം മുറവിളി കൂട്ടുകയാണ്. താൻ ഡിവിഷനിൽ വിജയം കൈവരിച്ചാൽ ആദ്യം ചെയ്യുന്നത് 40 അടി റോഡ് പൂർത്തീകരണമാണെന്ന് പ്രിയാ മോൾ കേരളകൗമുദിയോട് പറഞ്ഞു.
സി.എസ്.സനീഷ്, സുനിൽകുമാർ, അനിൽകുമാർ തിരുമംഗലത്ത്, ലിജേഷ് തുടങ്ങിയവർ സ്ഥാനാർത്ഥിയെ അനുഗമിച്ചു. രാവിലെ തുടങ്ങിയ പ്രചരണം വൈകുന്നേരത്തോടെയാണ് സമാപിച്ചത്.