vazha
രോഗം ബാധിച്ച വാഴ

കിഴക്കമ്പലം: കിഴക്കമ്പലം, പട്ടിമ​റ്റം മേഖലയിൽ പൂവൻവാഴ കൃഷിയ്ക്ക് നേരിട്ട അജ്ഞാതരോഗം 'പനാമ വാട്ടം' ആണെന്ന് കൃഷിവകുപ്പ് കണ്ടെത്തി. രോഗവ്യാപനം അറിഞ്ഞതോടെ കീഴ്മാട് കൃഷിവകുപ്പ് നോഡൽ ഓഫീസർ പ്രൊഫ. ഗ്രേസി മാത്യു, കിഴക്കമ്പലം കൃഷി ഓഫീസർ ഗായത്രീദേവി എന്നിവർ കൃഷിയിടങ്ങളിൽ നിന്ന് വാഴത്തട, വാഴമാങ്ങ് എന്നിവയുടെ സാമ്പിൾ ശേഖരിച്ചിരുന്നു. ഇവ കണ്ണാറ വാഴ ഗവേഷണ കേന്ദ്രത്തിലയച്ച് പരിശോധിച്ചതിൽ വാഴയിലെ ഏ​റ്റവും വിനാശകരമായ 'പനാമ വാട്ടം' എന്ന കുമിൾ രോഗമാണ് വാഴകളിൽ പിടിപെട്ടതെന്ന് കണ്ടെത്തി.

വാഴയുടെ ഇലകൾ മഞ്ഞളിച്ച് വാടുകയും തവിട്ടുനിറമായി താഴേക്ക് തൂങ്ങുകയും ചെയ്യും. ഇതോടൊപ്പം വാഴത്തടയിൽ മണ്ണിനോടു ചേർന്ന് നീളത്തിൽ വിള്ളൽ കാണുകയും ചെയ്യും. രോഗവ്യാപനം നടക്കുന്നത് രോഗബാധയുള്ള നടീൽ വസ്തുക്കൾ വഴിയാണ്. ഈ കുമിളിന് നിരവധി വർഷം മണ്ണിൽ അതി ജീവിക്കുവാനുള്ള കഴിവുണ്ട്. പൂവൻ, ഞാലി, കദളി, മൊന്തൻ എന്നീയിനം വാഴകൾക്ക് പ്രതിരോധശക്തി തീരെ കുറവാണ്.

കിഴക്കമ്പലം പഞ്ചായത്തിലെ ചൂരക്കോട്, പൊയ്യക്കുന്നം പ്രദേശങ്ങളിലെ വാഴ കർഷകരാണ് രോഗം പടരുന്നത് ആദ്യം ചൂണ്ടിക്കാട്ടിയത്. പൊയ്യക്കുന്നത്ത് നാനൂറോളം പൂവൻ വാഴകളാണ് ഇത്തരത്തിൽ നശിച്ചുപോയത്. അതേ വാഴക്കുഴിയിലെ മ​റ്റു വാഴക്കണ്ണുകൾക്കും ഇതേ രോഗം ബാധിച്ചരുന്നു. ചൂരക്കോടിലെ കൃഷിയിടങ്ങളിലെ മുന്നൂറോളം വാഴകൾ നശിച്ചു. പട്ടിമ​റ്റത്തും ഇത്തരത്തിൽ രോഗം ബാധിച്ചിട്ടുണ്ട്.


കൃഷിവകുപ്പിെന്റ നിർദശേങ്ങൾ

ഗുരുതരമായ രോഗം ബാധിച്ച വാഴകൾ വേരോടെ പിഴുത് കൃഷിയിടത്തിൽ നിന്ന് മാ​റ്റി കത്തിച്ചുകളയണം

കേടുവന്ന വാഴയുടെ ഭാഗങ്ങൾ പുതയിടാനോ കമ്പോസ്​റ്റ് ആക്കാനോ നന്നല്ല

കൃഷിയിടത്തിലെ വാഴക്കന്നുകളും നശിപ്പിക്കണം

സാരമായ രോഗബാധയുള്ള സ്ഥലങ്ങളിൽ അടുത്ത ഒന്നുരണ്ടു വർഷത്തേക്ക് വാഴ നടരുത്

പകരം മ​റ്റു വിളകൾ നടാം

പിന്നീട് വാഴ നടുകയാണെങ്കിൽ പ്രതിരോധ ശേഷി കൂടുതലുള്ള നേന്ത്റൻ, പാളയംകോടൻ തുടങ്ങിയവ പരീക്ഷിക്കണം

പ്രതിരോധമുറകൾ

അംഗീകൃത സ്രോതസിൽ നിന്ന് വാങ്ങുന്ന, ആരോഗ്യമുള്ള നടീൽ വസ്തുക്കൾ മാത്രം ഉപയോഗിക്കണം. വാഴക്കന്ന് നടുന്ന അവസരത്തിൽ കുഴിയൊന്നിന് ഒരുകിലോ വീതം വേപ്പിൻ പിണ്ണാക്ക്, എ.എം.എഫ് കൾച്ചർ 100 ഗ്രാം, ട്രൈക്കോഡർമ, സ്യൂഡോമോണസ്, പി.ജി.പി.ആർ മിക്‌സ് എന്നിവ 50 ഗ്രാം വീതം ചേർക്കുന്നതും ഫലപ്രദമാണ്. ട്രൈക്കോഡർമ, സ്യൂഡോമോണസ്, പി.ജി.പി.ആർ മിക്‌സ് എന്നിവ 50 ഗ്രാം വീതം രണ്ടാമത്തേയും നാലാമത്തേയും മാസങ്ങളിൽ ചേർക്കുന്നതും ഫലപ്രദമാണ്.