കൊച്ചി: ലോക്ക് ഡൗൺ കാലത്തെ റേഷൻ വിതരണവും തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രചാരണ വിഷയം. സംസ്ഥാന സർക്കാരിന്റെ കരുതലാണ് ഇതെന്ന് എൽ.ഡി.എഫ് അവകാശപ്പെടുമ്പോൾ കേന്ദ്ര സർക്കാരിന്റെ പദ്ധതിയാണ് റേഷൻ വിതരണമെന്നാണ് എൻ.ഡി.എയുടെ വാദം. തർക്കത്തിനിടെ റേഷൻ കടയിലെ ബില്ലും പ്രചാരണത്തിന് ആയുധമാക്കി ഇടപ്പള്ളിയിലെ ബി.ജെ.പി പ്രവർത്തകർ ആദ്യം രംഗത്തെത്തി. ബി.ജെ.പിയുടെ വാട്സാപ്പ് ഗ്രൂപ്പുകളിലും മറ്റ് സാമൂഹ്യമാദ്ധ്യമങ്ങളിലും ഇത് പ്രചരിക്കുന്നുണ്ട്.റേഷൻ കടയിൽ നിന്ന് വാങ്ങിയ സാധനങ്ങൾ ഏത് സ്‌കീമിലൂടെയാണെന്ന് ബില്ലിലുണ്ട്. പുഴുക്കലരിയും കുത്തരിയുമൊക്കെ കേന്ദ്ര സർക്കാരിന്റെ പി.എം.ജി.കെ.എ.വൈ (പ്രധാൻമന്ത്രി ഗരീബ് കല്യാൺ അന്നയോജന) പ്രകാരമുള്ളതാണ്.എന്നാൽഏറ്റവും മികച്ച റേഷൻ സംവിധാനം കേരളത്തിലാണെന്നും സംസ്ഥാന സർക്കാർ റേഷൻ കടകളിലൂടെ നൽകിയ സൗജന്യം കേരളീയർക്കറിയാമെന്നുമാണ് എൽ.ഡി.എഫ് വാദിക്കുന്നത്.