കോലഞ്ചേരി: സർക്കാർ പ്രഖ്യാപിച്ച പഴം, പച്ചക്കറി ഇനങ്ങൾക്കുള്ള തറവിലയുടെ ആനുകൂല്യം കർഷകർക്ക് ലഭിക്കുന്നതിന് അഗ്രിക്കൾച്ചറൽ ഇൻഫർമേഷൻ മാനേജ്‌മെന്റ് സിസ്റ്റം (എ.ഐ.എം.എസ്) പോർട്ടലിൽ ഇന്ന് കൂടി രജിസ്​റ്റർ ചെയ്യാം.16 ഇനം പഴംപച്ചക്കറികൾക്കാണ് അടിസ്ഥാനവില പ്രാബല്യത്തിലായിട്ടുള്ളത്. ആദ്യഘട്ടത്തിൽ ജില്ലയിൽ ഏത്തക്കായ, വള്ളിപ്പയർ, പാവൽ, കപ്പ, പൈനാപ്പിൾ, കുമ്പളം, വെള്ളരി, പടവലം, തക്കാളി, വെണ്ട എന്നിവയ്ക്കാണ് വിലസ്ഥിരതാ പദ്ധതിയുടെ ആനൂകല്യം നൽകുന്നത്. കാർഷിക വിപണി മുഖേന കർഷകരിൽനിന്ന് സംഭരിക്കുന്ന ഉത്പന്നങ്ങൾക്ക് വിലയിടിവ് ഉണ്ടാകുന്ന സാഹചര്യത്തിലാണ് ആനുകൂല്യം ലഭിക്കുന്നത്. . സർക്കാർ ഏത്തക്കായയ്ക്ക് 30 രൂപയാണ് തറവില നിശ്ചയിച്ചിട്ടുള്ളത്. കിലോയ്ക്ക് 15 - 18 രൂപയാണ് ഇപ്പോൾ കർഷകർക്ക് ലഭിക്കുന്നത്. 12 രൂപയിലേറെയാണ് വിലക്കുറവ് ഉണ്ടായിരിക്കുന്നത്. വിലവ്യത്യാസം വരുന്ന തുക പദ്ധതിയിൽ രജിസ്​റ്റർ ചെയ്തവർക്ക് സർക്കാരിൽനിന്ന് ലഭിക്കുമെന്നതാണ് നേട്ടം.അപേക്ഷകർ വിള ഇൻഷ്വറൻസ് എടുത്തിട്ടുള്ളവരാകണമെന്ന വ്യവസ്ഥയുമുണ്ട്.