പെരുമ്പാവൂർ: കോന്നംകുടി വാർഡിലെ സ്ഥാനാർത്ഥിക്കായി ചുമരെഴുതുന്ന ആളെ കണ്ട് നാട്ടുകാരൊന്ന് അമ്പരുന്നു. സാക്ഷാൽ പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പള്ളി. തിരഞ്ഞെടുപ്പ് പ്രചരണത്തിനായി പോകും വഴിയാണ് എം.എൽ.എ കോന്നംകുടി വാർഡിൽ മത്സരിക്കുന്ന സ്ഥാനാർത്ഥിയുടെ ചുമരെഴുതുന്നത് കണ്ടത്. ഉടൻ കാറ് നിർത്താൻ ആവശ്യപ്പെട്ട് അവിടെ ഇറങ്ങി. വെള്ളയും വെള്ളയുമാണല്ലോ വേഷമെന്ന് തോന്നലൊക്കെ മാറ്റി ബ്രഷ് എടുത്ത് രംഗത്തേക്ക്. ഇതോടെ ചുമരെഴുതാൻ എത്തിയവരും ഉഷാറായി. തന്റെ കലാപ്രകടനത്തിന്റെ മുഴുവൻ ഭാവങ്ങളും ചുമരെഴുത്തിൽ പുറത്തെടുത്തിട്ടുണ്ടെന്ന തമാശകലർന്ന കമന്റും പാസാക്കിയാണ് എം.എൽ.എ മടങ്ങിയത്. എം.എൽ.എകാനുന്നതിനെല്ലാം മുമ്പ് താനും പ്രചരണത്തിന്റെ ഭാഗമായി ചുമരെഴുതാൻ പോയിട്ടുണ്ടെന്ന് കുന്നപ്പള്ളി പറഞ്ഞു.