vysak
വൈശാഖ് രവീന്ദ്രൻ

ആലുവ: നീട്ടി വളർത്തിയ തലമുടിയുള്ള ബോക്‌സിംഗ് താരമായ സ്ഥാനാർത്ഥി, വാഴക്കുളം ബ്ളോക്ക് പഞ്ചായത്തിലുള്ള നൊച്ചിമ ഡിവിഷനിലെ എൻ.ഡി.എ സാരഥി വൈശാഖ് രവീന്ദ്രന് പ്രത്യേകതകളേറെയാണ്. കിക്ക് ബോ‌സിംഗിൽ സംസ്ഥാന ചാമ്പ്യനും കെ വൺ അമേച്ച്വറിൽ ദേശീയ ചാമ്പ്യനുമാണ് വൈശാഖ്. കൊച്ചിയിലെ പ്രമുഖ ഡാൻസ് ട്ര്യൂപ്പായ വോൺക്കാനോയിലെ മുഖ്യതാരവുമാണ്.

കൊൽക്കത്തയിൽ നടന്ന പ്രഥമ കെ. വൺ അമേച്ച്വർ നാഷണൽ ചാമ്പ്യൻഷിപ്പിലാണ് വൈശാഖ് ചാമ്പ്യനായത്. തിരുവനന്തപുരത്ത് നടന്ന കിക്ക് ബോക്സിംഗ് സ്റ്റേറ്റ് ചാമ്പ്യൻഷിപ്പും നേടി. പുക്കാട്ടുപടി കെ.വൺ അറീനയിലെ ശ്രീജിത്താണ് വൈശാഖിന്റെ പരിശീലകൻ. യുവമോർച്ച ആലുവ നിയോജക മണ്ഡലം പ്രസിഡന്റാണ് വൈശാഖ്. യു.ഡി.എഫിലെ ആർ. രഹൻരാജും എൽ.ഡി.എഫിലെ സുധീർ മന്ത്രക്കലുമാണ് വൈശാഖിന്റെ മുഖ്യ എതിരാളികൾ.

 ഞാൻ ഫ്രീക്കനല്ല

ഒന്നര അടിയോളം നീളമുള്ള ജടപിടിച്ച തലമുടി കണ്ടാൽ ആരും വൈശാഖിനെ ഒന്ന് നോക്കും. തനി ഫ്രീക്കൻ. എന്നാൽ ഫ്രീക്കനല്ലെന്നും ഡാൻസിന്റെ ഭാഗമായാണ് മുടി വളർത്തുന്നതെന്നും വൈശാഖ് പറയുന്നു. തിരഞ്ഞെടുപ്പിനെ നേരിടാനായി മാത്രം ഇതൊന്നും മുറിക്കേണ്ടതില്ലെന്നും അദ്ദേഹം പറയുന്നു.

'എന്നെ നാട്ടുകാർക്കെല്ലാം അറിയാം. അതിനാൽ എനിക്ക് മുടിയുടെ പേരിൽ ആത്മവിശ്വാസക്കുറവൊന്നുമില്ല".

- വൈശാഖ്