khc

കൊച്ചി :വാർഡ് കൗൺസിലറായിരിക്കെ ശിശുക്ഷേമ സമിതയംഗമെന്ന നിലയിൽ പ്രതിഫലത്തിന്റെ സ്വഭാവമുള്ള സിറ്റിംഗ് ഫീസ് കൈപ്പറ്റിയത് തിരഞ്ഞെടുപ്പ് അയോഗ്യതയാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. തിരഞ്ഞെടുപ്പു കമ്മിഷൻ ഉത്തരവിനെതിരെ കൂത്താട്ടുകുളം രണ്ടാം വാർഡ് കൗൺസിലർ സീന ജോൺസൺ നൽകിയ ഹർജിയിലാണ് സിംഗിൾബെഞ്ച് വിധി.

എറണാകുളം ജില്ലാ ശിശുക്ഷേമ സമിതിയംഗമാണെങ്കിലും പ്രതിഫലം കൈപ്പറ്റിയിരുന്നില്ല. ഇരട്ട വേതനം കൈപ്പറ്റിയെന്ന് ആരോപിച്ച് അയോഗ്യയാക്കാൻ കഴിയില്ലെന്ന സീനയുടെ വാദം കോടതി തള്ളി. 2015 ജൂൺ 17 ന് ഹർജിക്കാരിയെ ജില്ലാ ശിശുക്ഷേമസമിതിയംഗമായി നിയമിച്ചെങ്കിലും കോടതി ഇടപെടലിനെത്തുടർന്ന് 2017 ലാണ് ചുമതലയേറ്റത്. 2015 ലെ തദ്ദേശ ഭരണ തിരഞ്ഞെടുപ്പിൽ സീന വിജയിച്ചിരുന്നു. വാർഡ് കൗൺസിലറായിരിക്കെ ശിശുക്ഷേമ സമിതിയംഗമെന്ന നിലയിൽ സിറ്റിംഗ് ഫീസ് വാങ്ങുന്നതിനെതിരെ കൂത്താട്ടുകുളം സ്വദേശി അരുൺ. വി. മോഹൻ നൽകിയ പരാതിയിലാണ് തിരഞ്ഞെടുപ്പുകമ്മിഷൻ ഇവരെ അയോഗ്യയാക്കിയത്.

വേതനമോ ഒാണറേറിയമോ കൈപ്പറ്റിയിട്ടില്ലെന്നും സിറ്റിംഗ് ഫീ വാങ്ങുന്നത് അംഗമെന്ന നിലയിലെ പ്രവർത്തനത്തിന്റെ ചെലവുമാത്രമാണെന്നുമായിരുന്നു ഹർജിക്കാരിയുടെ വാദം. ഹർജിക്കാരിയുടെ സേവനം കണക്കിലെടുത്താണ് സിറ്റിംഗ് ഫീസ് നൽകുന്നത്. ഇതിനു ഒാണറേറിയത്തിന്റെ സ്വഭാവമുണ്ടെന്നും ഹർജിക്കാരിയെ അയോഗ്യയാക്കിയ നടപടിയിൽ ഇടപെടുന്നില്ളെന്നും ഹൈക്കോടതി വ്യക്തമാക്കി.