aswin

കൊച്ചി: കൊച്ചി സ്വദേശി അശ്വിൻ ശ്രീനിവാസ് സഹസ്ഥാപകനായ സ്റ്റാർട്ടപ്പ് കമ്പനി ഹീലിയയിൽ 22 കോടി രൂപയുടെ അമേരിക്കൻ നിക്ഷേപം. അത്യാധുനിക സുരക്ഷാസംവിധാനങ്ങൾ സ്ഥാപനങ്ങൾക്ക് നൽകുന്ന കമ്പനിയാണ് ഹീലിയ. അമേരിക്കയാണ് ആസ്ഥാനം.

അമേരിക്കയിലെ നിയോ, അബ്‌സ്ട്രാക്ട് വെഞ്ച്വേഴ്‌സ്, കെവിൻ ഹാർട്ട്‌സ് എന്നീ സിലിക്കൺവാലി കമ്പനികളാണ് നിക്ഷേപം നടത്തിയത്. സെക്യൂരിറ്റി കാമറാദൃശ്യങ്ങൾ തത്സമയം വിലയിരുത്തി സുരക്ഷാസജ്ജീകരണങ്ങൾ ഒരുക്കുകയും സുരക്ഷാവീഴ്ചകൾ മുൻകൂട്ടി പരിഹരിക്കുകയും ചെയ്യുന്ന സംവിധാനമാണ് ഹീലിയ വികസിപ്പിച്ചത്.

സുരക്ഷ കാര്യക്ഷമമാക്കുകയും മനുഷ്യവിഭവശേഷിയിലുള്ള ആശ്രിതത്വം കുറയ്ക്കുന്നതുമാണ് സംവിധാനം. ഇതിന്റെ സാദ്ധ്യതകൾ പരിഗണിച്ചാണ് നിക്ഷേപം ലഭിച്ചതെന്ന് അശ്വിൻ ശ്രീനിവാസ് പറഞ്ഞു. റസൽ കപ്ലാൻ, ഡാനിയേൽ ബെറിയോസ് എന്നിവരാണ് ഹീലിയയുടെ മറ്റു സഹസ്ഥാപകർ.