പറവൂർ: കൊച്ചി പെഡൽ ഫോർസ് സൈക്കിളിംഗ് ക്ളബിന്റെ നേതൃത്വത്തിൽ മുസിരിസ് ഹെറിറ്റേജ് സൈക്കിൾ റൈഡ് സംഘടിപ്പിച്ചു. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ സഹകരണത്തോടെ തൃപ്പൂണിത്തുറയിൽ നിന്ന് ആരംഭിച്ച നൂറ് കിലോമീറ്റർ റൈഡിൽ പതിനഞ്ച് റൈഡർമാർ പങ്കെടുത്തു. മുസിരിസ് പദ്ധതി പ്രദേശം പൂർണ്ണമായും സൈക്കിൾ റൈഡിലൂടെ കണ്ടറിയുകയായിരുന്നു യാത്ര ഉദ്ദേശം. വനിതകൾ ഉൾപ്പെടെയുള്ള സംഘത്തിന് പെഡൽ ഫോർസ് കൊച്ചി കോർഡിനേറ്റർ ജോബി രാജു നേതൃത്വം നൽകി. തുടർന്ന് സംഘം പറവൂർ മാർക്കറ്റ്, പാലിയം കോവിലകം, പുത്തൻവേലിക്കര വഴി കോട്ടപ്പുറം കോട്ടയും, കോട്ടപുറം വാട്ടർ ഫ്രണ്ട്, കോട്ടപ്പുറം മാർക്കറ്റ് തുടങ്ങിയവയും സന്ദർശിച്ചു. മുസിരിസ് പൈതൃക പദ്ധതിയിലെ മുഴുവൻ ചരിത്ര പൈതൃക സ്മാരകങ്ങളും പൊതു വിടങ്ങളും കൂട്ടിയോജിപ്പിക്കുന്ന സൈക്കിൾ പാത 2021ൽ തയ്യാറാകും.