kamaruddin

കൊച്ചി: ജുവലറി നിക്ഷേപത്തട്ടിപ്പു കേസിൽ എം.സി ഖമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഗൂഢാലോചനയടക്കമുള്ള കുറ്റങ്ങൾക്ക് തെളിവു കണ്ടെത്താൻ അന്വേഷണ സംഘത്തിന് സമയം നൽകേണ്ടതുണ്ടെന്നും അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും വിലയിരുത്തിയാണ് സിംഗിൾബെഞ്ച് ഹർജി തള്ളിയത്.

കാസർകോട് ചെറുവത്തൂരിൽ ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പു കേസുകളിൽ നവംബർ 11നാണ് അറസ്റ്റ് ചെയ്തത്. ഉചിതമായ ചികിത്സ ജയിൽ അധികൃതർ ഉറപ്പാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ബഡ്സ് (ബാനിംഗ് ഒഫ് അൺ റെഗുലേറ്റഡ് ഡിപ്പോസിറ്റ് സ്കീം) ആക്ട് ഉൾപ്പെടെ കേസിൽ ബാധകമാണെന്ന് സർക്കാർ വാദിച്ചു.

2019 ലെ ബഡ്സ് ആക്ട് എങ്ങനെ ഇൗ കേസിൽ ബാധകമാകുമെന്ന് കോടതി വാക്കാൽ ചോദിച്ചു. നിക്ഷേപ സമാഹരണത്തിനായി 2019 ലും പ്രതിയുൾപ്പെടെ പ്രചാരണം നടത്തിയെന്ന് സർക്കാർ മറുപടി നൽകി. നേതാവെന്ന നിലയിലും എം. എൽ.എ എന്ന നിലയിലും പ്രവർത്തിക്കേണ്ടി വന്നതിനാൽ ബിസിനസിൽ ശ്രദ്ധിക്കാനായില്ലെന്ന് ഖമറുദ്ദീൻ വാദിച്ചു. എന്നാൽ, നേതാവെന്ന നിലയിലല്ലേ നിക്ഷേപം സ്വീകരിച്ചതെന്ന് കോടതി വാക്കാൽ ചോദിച്ചു.