പറവൂർ: വരുന്ന നിയമസഭ തിരഞ്ഞെടുപ്പിന്റെ റിഹേഴ്സലാണ് തദ്ദേശസ്വയം ഭരണ തിരഞ്ഞെടുപ്പിന്റെ ജനവിധിയെന്ന് യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ പറഞ്ഞു. പറവൂർ നഗരസഭ യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തദ്ദേശ സ്ഥാപനങ്ങളുടെ അധികാര വികേന്ദ്രീകരണത്തെ ഇല്ലായ്മ ചെയ്യുകയും വികസന പ്രവർത്തനങ്ങൾക്ക് കൂച്ചുവിലങ്ങിടുകയും ചെയ്യുന്ന നയമായിരുന്നു പിണറായി സർക്കാർ കഴിഞ്ഞ നാലര വർഷക്കാലം. അഴിമതിയും സ്വജന പക്ഷപാതവും നിറഞ്ഞ ഭരണം കേരള ജനത മടുത്തെന്നും അതിനുള്ള ജനവിധിയായിരിക്കും ഉണ്ടാവുന്നതെന്നും ഹസൻ പറഞ്ഞു. വി.ഡി. സതീശൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. കെ.പി. ധനപാലൻ, എം.ജെ. രാജു, അനുവട്ടത്തറ, രമേഷ് ഡി. കുറുപ്പ്, ഡി. രാജ്കുമാർ, പ്രദീപ് തോപ്പിൽ, കെ.കെ. അബ്ദുൾ റഹ്മാൻ, എം.ടി. ജയൻ, കെ. മോഹനൻ നായർ എന്നിവർ സംസാരിച്ചു.