മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭയിലെ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ഒരുമിച്ച് നേടാൻ ഒരുമയോടെ മുന്നോട്ട് ജനകീയ വികസന പത്രിക പ്രകാശനം ചെയ്തു. മൂവാറ്റുപുഴ പ്രസ് ക്ലബ്ബ് ഹാളിൽ നടന്ന ചടങ്ങിൽ ജനകീയ വികസന പത്രികയുടെ പ്രകാശനം എൽദോ എബ്രഹാം എം.എൽ.എ മുൻനഗരസഭ ചെയർമാൻ യു. ആർ ബാബുവിന് കൈമാറി പ്രകാശനം നിർവഹിച്ചു . മുൻനഗരസഭ ചെയർമാൻ എം എ സഹീർ, മുൻനഗരസഭ വൈസ്‌ചെയർമാൻ പി കെ ബാബുരാജ്, മുൻനഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ എ നവാസ് എന്നിവർ പങ്കെടുത്തു . മൂവാറ്റുപുഴ നഗരസഭയിലെ വിദ്യാലയങ്ങളും ആശുപത്രികളും വ്യാപാരവ്യവസായ സ്ഥാപനങ്ങളും വിനോദവിജ്ഞാനസാംസ്‌കാരിക കേന്ദ്രങ്ങളും ഗതാഗത സൗകര്യങ്ങളും കൃഷിയിടങ്ങളും ചിട്ടപ്പെടുത്തി മനോഹരവും സൗകര്യപ്രദവുമായി മാറ്റിയെടുക്കുന്നതിനുള്ള ജനകീയ വികസന പ്രവർത്തനമാണ് വരുന്ന അഞ്ച് വർഷത്തെ നഗരസഭ ഭരണം കൊണ്ട് ഇടതുമുന്നണി വിഭാവനം ചെയ്യുന്നത്. ഇതിനായി കഴിഞ്ഞ മൂന്നുമാസക്കാലം ജനങ്ങളിൽ നിന്നും വിവിധ സാമൂഹികസാംസ്‌കാരിക സംഘടനകളിൽ നിന്നും ഓൺലൈനായും നാലായിരത്തിലധികം ആളുകളെ പ്രതിനിധീകരിച്ച് കൊണ്ടുള്ള നിർദ്ദേശങ്ങളാണ് ഇടതുമുന്നണിയ്ക്ക് ലഭിച്ചത്. ഇതെല്ലാം ക്രോഡീകരിച്ച് കൊണ്ട് തയ്യാറാക്കിയ ജനകീയ വികസനപത്രികയാണ് അടുത്ത അഞ്ച് വർഷക്കാലം നഗരസഭയിൽ നടപ്പിലാക്കാൻ ലക്ഷ്യമിടുന്നത്. ഇതിനുവേണ്ടി പ്രവർത്തിക്കാൻ ജാതിമതരാഷ്ട്രീയ ഭേദമന്യേ മൂവാറ്റുപുഴയുടെ വികസനകുതിപ്പിനായി നേതൃത്വം നൽകാൻ പ്രാപ്തരായ 28സ്ഥാനാർത്ഥികളെയാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി അവതരിപ്പിച്ചിരിക്കുന്നത്.
ശുചിത്വം, മാലിന്യ നിർമ്മാർജനം, ഭരണ പരിഷ്‌കരണം, പട്ടിക ജാതിപട്ടിക വർഗ്ഗ വികസനം, സാംസ്‌കാരികം, നഗര സുരക്ഷ, ശിശുക്ഷേമം, നഗരസൗന്ദര്യ വൽക്കരണം, ടൂറിസം, മൃഗസംരക്ഷണം, ഗതാഗതം, കുടുംബശ്രീ, കുടിവെള്ളം, പശ്ചാത്തല വികസനം, കായീകം, ദുരന്ത നിവാരണം, വിദ്യാഭ്യാസം, തൊഴിൽവ്യവസായം, ആരോഗ്യം, പരിസ്ഥിതി, കൃഷിഭക്ഷ്യം എന്നീ മേഖലകൾക്ക് മുൻഗണന നൽകിയിട്ടുള്ള തികച്ചും ജനകീയമായ വികസന പത്രികയാണ് തയ്യാറാക്കിയിരിക്കുന്നത്.