കൊച്ചി: കൊച്ചിനിവാസികളെ കൂടുതൽ സ്മാർട്ട് ആക്കാൻ 'സ്മാർട്ട് കൊച്ചി' എന്ന മൊബൈൽ ആപ്ലിക്കേഷനും വെബ് പോർട്ടലും തയ്യാറായി. ഇന്ന് മുതൽ പ്രവർത്തനം ആരംഭിക്കും. സ്മാർട്ട് കൊച്ചി അപ്ലിക്കേഷനും വെബ് പോർട്ടലും പൊതുവിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്മാർട്ട് കൊച്ചി മൊബൈൽ ആപ്ലിക്കേഷൻ എല്ലാ ഗൂഗിൾ പ്ലേസ്റ്റോറിലും ലഭിക്കും. www.smartkochi.in വെബ് പോർട്ടലിലും സേവനങ്ങൾ ലഭിക്കും. വെബ് ആപ്ലിക്കേഷനിൽ ഡിവിഷൻ തിരിച്ചുള്ള വിശദാംശങ്ങളും അതിരുകളും സമീപത്തെ പൊലീസ് സ്റ്റേഷനുകൾ, അക്ഷയ കേന്ദ്രങ്ങൾ, ആശുപത്രികൾ, ആംബുലൻസുകൾ, മെട്രോ സ്റ്റേഷൻ, റെയിൽവേ സ്റ്റേഷനുകൾ എന്നിവ പോർട്ടൽ വഴി കണ്ടെത്താം.

ജനങ്ങൾക്ക് കേന്ദ്രീകൃത പരാതി പരിഹാര സംവിധാനത്തിൽ രജിസ്റ്റർ ചെയ്യാൻ കഴിയും. അവ അതത് വകുപ്പുകളിലേക്ക് കൈമാറും. പരാതികൾ ഉപയോഗിച്ച് പൗരന്മാർക്ക് ചിത്രങ്ങൾ, പ്രമാണങ്ങൾ, വീഡിയോ എന്നിവ അപ്‌ലോഡ് ചെയ്യാം. ഓരോ പരാതിക്കും പ്രത്യേകം നമ്പർ ഉണ്ടായിരിക്കും. പരാതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഒരു എസ്.എം.എസ് ഉപയോഗിച്ച് പരാതിക്കാരനെ അറിയിക്കും. പരാതികളുടെ ചരിത്രവും സ്വീകരിച്ച നടപടികളും ലഭ്യമാകും. പരാതി ഉന്നയിച്ചാൽ ബന്ധപ്പെട്ട വകുപ്പിനു പരിഹാരത്തിന് നിർദ്ദിഷ്ട സമയം ഉൾപ്പെടെ കൈമാറും. പരിഹരിച്ചില്ലെങ്കിൽ പരാതി സ്വയം ഉന്നത ഉദ്യോഗസ്ഥരിലേക്കു പോകും.

ആദ്യഘട്ടത്തിൽ കൊച്ചി കോർപ്പറേഷൻ, കേരള വാട്ടർ അതോറിറ്റി, കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്, പി.ഡബ്ല്യു.ഡി റോഡുകൾ എന്നിവയുമായി ബന്ധപ്പെട്ട പരാതികളാണ് സ്വീകരിക്കുക.

ഭാവിയിൽ ഇലക്ട്രോണിക് സംവിധാനം വഴി പണമിടപാടുകൾ നടത്താൻ സാധിക്കുന്ന തരത്തിലാണ് ആപ്പ് രൂപകല്പന ചെയ്തത്.സ്മാർട്ട് കൊച്ചി ആപ്ലിക്കേഷൻ ജങ്ങൾക്കു ഉപയോഗ പ്രദമാകുമെന്ന് സ്മാർട്ട് സിറ്റി മിഷൻ അറിയിച്ചു. കേന്ദ്ര സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായാണ് കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡ് ഇന്റഗ്രേറ്റഡ് കമാൻഡ് കണ്ട്രോൾ ആൻഡ് കമ്മ്യൂണിക്കേഷൻ പദ്ധതിയിലൂടെ ആപ്ലിക്കേഷൻ വികസിപ്പിച്ചത്‌.