കൊച്ചി: ബംഗാൾ ഉൾക്കടലിലെ തീവ്രന്യൂനമർദം ചുഴലിക്കാറ്റാകാൻ സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് തീരദേശത്തെ വീണ്ടും ആശങ്കയിലാക്കി. ഓഖി ചുഴലിക്കാറ്റ് നൽകിയ നടുക്കവും നാശനഷ്ടങ്ങളും തീരം മറന്നിട്ടില്ല. അതിനു പിന്നാലെയാണ് ഓഖി ചുഴലിക്കാറ്റിന് സമാനമായ ബുർവി കേരളതീരത്ത് അടിച്ചേക്കുമെന്ന മുന്നറിയിപ്പ്. എറണാകുളം ജില്ലയിൽ ഈമാസം മൂന്നിന് ഓറഞ്ച് അലർട്ടും രണ്ട്, നാല് തിയതികളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചു. മത്സ്യബന്ധനത്തിന് പോകുന്നത് വിലക്കി. കടലിലുള്ളവരോട് തിരിച്ചുവരാൻ ആവശ്യപ്പെട്ടു. കോസ്റ്റ് ഗാർഡും കോസ്റ്റൽ പൊലീസും തീരദേശത്ത് അനൗൺസ്മെന്റ് നടത്തി. ജനങ്ങളെ മാറ്റിത്താമസിപ്പിക്കാനും നടപടികൾ ആരംഭിച്ചു.
ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം തീവ്രന്യൂനമർദ്ദമായി മാറിയെന്നാണ് മുന്നറിയിപ്പ്. ശ്രീലങ്കൻ തീരത്തുനിന്ന് നാളെ കന്യാകുമാരി തീരത്തേയ്ക്ക് ന്യൂനമർദ്ദം എത്തും. കടൽ പ്രക്ഷുബ്ദമാകും. ശക്തമായ മഴയും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിനും കാരണമാകും. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ എന്നിവയ്ക്കും സാദ്ധ്യതയുണ്ട്. മുൻകരുതൽ സ്വീകരിക്കാൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശിച്ചു.
ഓഖിയിൽ നിന്നും പഠിച്ചില്ല
കടലിൽ മത്സ്യബന്ധനത്തിന് പോയവരെ വിവരമറിയിക്കുവാൻ ഇന്നും മാർഗമില്ല. തീരസുരക്ഷാപദ്ധതികൾ പൂർത്തീകരിക്കപ്പെടാത്തത് ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. ഓഖിക്കുശേഷമുണ്ടായ പ്രധാനനിർദേശങ്ങൾ കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികളുടെ സുരക്ഷിതത്വമാണ്. അതിനുവേണ്ടി നിർദേശിക്കപ്പെട്ട നാവിക് ഉപകരണവും സാറ്റലൈറ്റ് ഫോണും പൂർണമായ വിജയത്തിലെത്തിയിട്ടില്ല. മറൈൻ ആംബുലൻസുകളുടെ പ്രവർത്തനവും കാര്യക്ഷമമല്ല. തോട്ടപ്പള്ളിയിലും വിഴിഞ്ഞത്തും കൊല്ലത്തും സജ്ജമാക്കിയ മറൈൻ ആംബുലൻസുകൾ യാത്രക്കു യോഗ്യമല്ല.
വലിയതിരമാലകൾ മുറിച്ചുകടക്കാൻ ഡബിൾ എൻജിനുകൾ ഘടിപ്പിച്ച ബോട്ടുകൾ തീരദേശപൊലിസ് സേനയ്ക്ക് ആവശ്യമാണ്. അതു യാഥാർത്ഥ്യമായിട്ടില്ല. ഒരു മാസം മുമ്പ് ആലപ്പുഴയിൽ 18 വള്ളങ്ങൾ തിരമാലകളടിച്ച് ഒഴുക്കിൽപ്പെട്ടു. ആ ബോട്ടുകളെ തീരത്തടിപ്പിക്കാനോ അതിലെ തൊഴിലാളികളെ സംരക്ഷിക്കാനോ കൃത്യമായ പ്രവർത്തനങ്ങളുണ്ടായിട്ടില്ല.
കൃത്യമായ പദ്ധതി വേണം
മത്സ്യത്തൊഴിലാളികളുടെ ജീവനും തീരവാസികളുടെ സംരക്ഷണവും അതിപ്രധാനമായി പരിഹരിക്കപ്പെടണം. ഇതിന് കൃത്യമായ ഒരു പദ്ധതി ഉണ്ടാകേണ്ടതുണ്ട്. തീരത്തും കടലിലും ഉണ്ടാകുന്ന അടിയന്തിര സാഹചര്യങ്ങളെ നേരിടാൻ തക്കവിധമുള്ള സുരക്ഷാസംവിധാനങ്ങൾ ഇനിയും രൂപപ്പെട്ടിട്ടില്ല. ഇത്തരം ദുരന്തങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾക്ക് ആര് നേതൃത്വം കൊടുക്കും എന്നതിനെക്കുറിച്ചും അവ്യക്തതയുണ്ട്. തൊഴിലാളികൾക്കും തീരത്തിനും അപകടകരമായ രീതിയിൽ അത് മാറുകയും ചെയ്യുമെന്ന ധാരണയിൽ കൂടുതൽ സുരക്ഷാക്രമീകരണങ്ങൾ ഏകോപിപ്പിക്കേണ്ടതുണ്ട്. ഓഖിക്കുശേഷം പ്രഖ്യാപിക്കപ്പെട്ട ക്ഷേമപദ്ധതികൾ എവിടെയെത്തിയെന്നും പരിശോധിക്കണം.
ഷാജി ജോർജ്
വൈസ് പ്രസിഡന്റ്
കെ.ആർ.എൽ.സി.സി