• ആദ്യഘട്ട പരിശോധനകൾ വിജയം, ഇനി കടൽയാത്ര
കൊച്ചി: രാജ്യത്താദ്യമായി നിർമ്മിക്കുന്ന വിമാനവാഹിനി കപ്പലിന്റെ തുറമുഖത്തെ പരീക്ഷണങ്ങൾ വൻവിജയം. കപ്പലിന്റെ മർമ്മപ്രധാനമായ പ്രവർത്തനങ്ങളെല്ലാം ഭദ്രമാണെന്ന് നാവികസേനയും കൊച്ചി കപ്പൽശാലയും ഉറപ്പാക്കി. 2021 പകുതിയോടെ കപ്പൽ കടലിലിറക്കി പരീക്ഷണങ്ങൾ നടത്തും.
കായലിലും തുറമുഖത്തും കപ്പൽ ഓടിച്ചായിരുന്നു പരീക്ഷണങ്ങളും പരിശോധനകളും. ദക്ഷിണ നാവികത്താവളം മേധാവി വൈസ് അഡ്മിറൽ എ.കെ. ചൗള, കപ്പൽശാലയുടെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മധു എസ്. നായർ എന്നിവർ സാക്ഷ്യം വഹിച്ചു.
കപ്പലിന്റെ പ്രധാന പ്രൊപ്പൽഷൻ പ്ളാന്റിന്റെ പ്രവർത്തനവും സുരക്ഷാ സംവിധാനങ്ങളുമാണ് പ്രധാനമായും പരിശോധിച്ചത്. ഗ്യാസ് ടർബൈനുകൾ, ഗിയർ ബോക്സുകൾ, ഷാഫ്റ്റിംഗ്, പ്രൊപ്പല്ലറുകൾ, സംയോജിത നിയന്ത്രണ സംവിധാനങ്ങൾ, സുപ്രധാനമായ 60 പമ്പുകൾ, വൈദ്യുതി ഉത്പാദന വിതരണ സംവിധാനങ്ങൾ, അഗ്നിശമനസംവിധാനങ്ങൾ, ഡെക്കിലെ യന്ത്രസംവിധാനങ്ങൾ, ആശയവിനിമയ സംവിധാനങ്ങൾ തുടങ്ങിയവ ഭദ്രമെന്ന് ഉറപ്പാക്കി.
20,000 കോടി ചെവലുള്ള പദ്ധതിയിൽ വിമാനവാഹിനിയുടെ രൂപകല്പനയും നിർമ്മാണവും പൂർണമായി ഇന്ത്യയിലാണ് നിർവഹിച്ചത്. 75 ശതമാനം നിർമ്മാണവസ്തുക്കളും ഇന്ത്യൻ ഉത്പന്നങ്ങളാണ്.
വിമാനവാഹിനിക്ക് ഉപയോഗിച്ചത്
സ്റ്റീൽ : 22,000 ടൺ
ഇലക്ട്രിക് കേബിൾ : 25,000 കിലോമീറ്റർ
പൈപ്പുകൾ : 150 കിലോമീറ്റർ
വാൽവുകൾ : 2000
പമ്പ്, മോട്ടോർ : 150
തൊഴിൽ പ്രത്യക്ഷം: 2,000
തൊഴിൽ പരോക്ഷം: 40,000
സാമഗ്രികൾ നൽകിയ ഇന്ത്യൻ കമ്പനികൾ : 50