ആധുനിക കേരളത്തിന്റെ ശില്പിയായി അറിയപ്പെടേണ്ട മഹാപുരുഷനാണ് ഡോ. പി. പല്പു. അറിഞ്ഞോ അറിയാതെയോ അർഹിക്കുന്ന അംഗീകാരം അദ്ദേഹത്തിനു നൽകുന്നതിൽ ചരിത്രകാരന്മാർ മുഖംതിരിഞ്ഞുനിന്നു. ജീവിതത്തിലുടനീളം അസാധാരണമായ തന്റെടവും ദീനാനുകമ്പയും കാഴ്ചവച്ച ഈ മനുഷ്യസ്നേഹിയുടെ ജീവിതം കേരളത്തിലെ അധസ്ഥിത ജനവിഭാഗങ്ങളുടെ ഉയിർത്തെഴുന്നേൽപ്പിന്റെ കഥ കൂടിയാണ്.
തിരുവനന്തപുരത്ത് പേട്ടയിൽ തച്ചക്കുടി പപ്പുവിന്റെയും മാതപ്പെരുമാളിന്റെയും ഏഴു മക്കളിൽ മൂന്നാമനായി പല്പു ജനിച്ചു (1863 നവംബർ 2). ദുരിതപൂർണമായ ജീവിതസാഹചര്യങ്ങളിലും മക്കളെ ഇംഗ്ളീഷ് വിദ്യാഭ്യാസം ചെയ്യിക്കുന്നതിൽ പപ്പു ശ്രദ്ധിച്ചിരുന്നു. മൂത്തമകൻ വേലായുധൻ ബി.എ പാസായി. തിരുവിതാംകൂറിൽ ഏഴ് ബി.എക്കാർ മാത്രമുണ്ടായിരുന്ന കാലമാണ്! ഇളയവനായ പല്പു പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ഫെർണാണ്ടസ് എന്ന അദ്ധ്യാപകനിൽ നിന്നാണ് ഇംഗ്ളീഷ് പഠിച്ചത്. പഠനത്തിൽ സമർത്ഥനായ പല്പുവിന് ഫീസിളവ് അനുവദിച്ചതിനു പുറമെ, ഭക്ഷണവും നൽകി, ഗുരുനാഥൻ.
ഹൈസ്കൂൾ പഠനത്തിനാവശ്യമായ പണം ട്യൂഷനെടുത്താണ് പല്പു സ്വരുക്കൂട്ടിയിരുന്നത്. 1884 ൽ അപ്പോത്തിക്കിരി പരീക്ഷയ്ക്ക് അഞ്ചുരൂപ ഫീസടച്ച് പല്പു അപേക്ഷിച്ചു. പരീക്ഷയിൽ പത്തുപേരിൽ രണ്ടാം റാങ്ക് പല്‌പുവിനായിരുന്നു. ഈഴവനായതിനാൽ പ്രവേശനം ലഭിച്ചില്ല. ഡോക്ടറാകണമെന്ന നിശ്ചയദാർഢ്യത്തോടെ പല്പു മദിരാശിക്ക് വണ്ടികയറി. ജ്യേഷ്ഠൻ വേലായുധൻ അവിടെ ബ്രിട്ടീഷ് സർവീസിൽ ഉദ്യോഗസ്ഥനായിരുന്നു. അദ്ദേഹത്തിന്റെ കൂടി സഹായത്തോട മദ്രാസ് മെഡിക്കൽ കോളേജിൽ എൽ.എം.എസ് കോഴ്സിന് അഡ്മിഷൻ കിട്ടി.
പലർക്കു മുന്നിലും കൈനീട്ടിയാണ് പല്പു കോളേജിലെ ഫീസടച്ചത്. ഒരിക്കൽ രാജാ സർ ടി. മാധവറാവു, 50 രൂപ നൽകി. പിതാവിന്റെ അക്കാലത്തെ ജീവിതത്തെക്കുറിച്ച് മൂത്തപുത്രൻ ഗംഗാധരൻ എഴുതിയിട്ടുണ്ട്. പഠനം കഴിഞ്ഞ് തിരുവിതാംകൂറിൽ തിരിച്ചെത്തിയ പല്പു ജോലിക്കായി അപേക്ഷകളയച്ചു. ജ്യേഷ്‌ഠന്റെ അനുഭവം തന്നെയായിരുന്നു. ഗത്യന്തരമില്ലാതെ വീണ്ടും മദ്രാസിലെത്തിയപ്പോൾ മെഡിക്കൽ ഡിപ്പാർട്ട്മെന്റിൽ വാക്സിൻ ഡിപ്പോ സൂപ്രണ്ടായി ഉദ്യോഗം ലഭിച്ചു. മരംകോച്ചുന്ന തണുത്ത രാത്രികളിൽ കടത്തിണ്ണകളിൽ കിടന്നുറങ്ങുന്ന അഗതികൾ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടു. ശമ്പളത്തിൽ നിന്ന് അത്യാവശ്യം പണം മാത്രമെടുത്ത് ബാക്കിക്ക് കമ്പിളി വസ്ത്രങ്ങൾ വാങ്ങി അവരെ പുതപ്പിച്ചു.
മദ്രാസിൽ നിന്ന് വാക്സിൻ ഡിപ്പോ മൈസൂരിലേക്കു മാറ്റിയപ്പോൾ പല്പുവും നിയമിതനായി. മൈസൂർ സർവീസിൽ പ്രഗത്ഭനായി മാറിയ ഡോ. പല്പു ദിവാൻ ശേഷാദ്രി അയ്യരുടെ അടുത്ത സുഹൃത്തായി . ഇക്കാലത്താണ് മൈസൂറിൽ പ്ളേഗ് പടർന്നുപിടിച്ചത്. പല മുതിർന്ന ഡോക്ടർമാരും പ്ളേഗ് ക്യാമ്പുകളിൽ സൂപ്രണ്ടായി ചുമതലയേൽക്കാൻ മടിച്ചപ്പോൾ ഡോ. പല്‌പു ആ ദൗത്യം ഏറ്റെടുത്ത് മൈസൂർ രാജാവ് ഉൾപ്പെടെ ഉന്നതരുടെ പ്രശംസ നേടി.
മൈസൂർ ഗവൺമെന്റിന്റെ ചെലവിൽ ഉപരിപഠനത്തിനായി ഇംഗ്ളണ്ടിലേക്ക്. ഡി.പി.എച്ച് (കേംബ്രിഡ്ജ്), എഫ്.ആർ.പി.എച്ച് (ലണ്ടൻ) ബിരുദങ്ങൾ നേടി തിരികെ മൈസൂർ സർവീസിലെത്തി. മൈസൂർ ജയിൽ സൂപ്രണ്ടായിരിക്കെ രണ്ടുവർഷം ബറോഡ ഗവൺമെന്റിന്റെ സാനിട്ടറി അഡ്വൈസറായി വിശിഷ്ട സേവനം നടത്തി. തിരികെ മൈസൂർ സർവീസിലെത്തി. 1920 ൽ വിരമിച്ചു. ആഹാരം നൽകി തന്നെ പഠിപ്പിച്ച ഫെർണാണ്ടസിന് ഉദ്യോഗം കിട്ടിയപ്പോൾ മുതൽ മാസംതോറും 10 രൂപ അയച്ചുകൊടുക്കുമായിരുന്നു പല്പു. ഫെർണാണ്ടസിന്റെ മരണം വരെ ഇതു തുടർന്നു!
അരുവിപ്പുറം പ്രതിഷ്ഠയെ തുടർന്ന് തിരുവിതാംകൂറിലെങ്ങും ശ്രീനാരായണഗുരു അംഗീകാരവും ആദരവും നേടിയ കാലം. പല്പു അരുവിപ്പുറത്തെത്തി ഗുരുവുമായി ആശയവിനിമയം നടത്തി. ഗുരു ഉണർത്തിയ നവോത്ഥാനത്തിന്റെ ശക്തമായ കാറ്റിൽ
തിരുവിതാംകൂറിനു പുറമേ കൊച്ചിയും മലബാറുമൊക്കെ ഇളകിത്തരിച്ചു. വക്കം വേലായുധൻനടയിൽ പൂജയും കവിതയെഴുത്തുമായി കഴിഞ്ഞിരുന്ന കായിക്കരയിലെ കുമാരുവിനെ, ഗുരു ഉന്നതവിദ്യാഭ്യാസത്തിനായി ഡോ. പല്പുവിനെ ഏല്പിച്ചു. മഹാനിയോഗം പോലെ ശ്രീനാരായണഗുരുവും ഡോ. പല്‌പുവും കുമാരനാശാനും ഒന്നിച്ചു. എസ്.എൻ.ഡി.പി യോഗം പിറവിയെടുത്തു. ശ്രീനാരായണഗുരു പ്രസിഡന്റും ഡോ. പല്പു വൈസ് പ്രസിഡന്റും കുമാരനാശാൻ ജനറൽ സെക്രട്ടറിയുമായി.
1903 ൽ പ്രവർത്തനമാരംഭിച്ച ശ്രീനാരായണ ധർമ്മപരിലാപലന യോഗം താമസിയാതെ ഈഴവസമുദായത്തിന്റെ ശക്തിയും ചൈതന്യവുമായി . ഉദ്യോഗനിയമന- വിദ്യാലയപ്രവേശന കാര്യങ്ങളിൽ യോഗത്തിന്റെ നിലപാടുകൾ അംഗീകരിക്കാൻ ഭരണാധികാരികൾ നിർബന്ധിതരായി. യോഗത്തിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് കൊല്ലത്തു നടന്ന കാർഷിക, വ്യാവസായിക പ്രദർശനം ഇന്ത്യയിൽത്തന്നെ ആദ്യത്തേതായിരുന്നു. ഇതിന്റെയെല്ലാം സംഘാടകൻ ഡോ. പല്പുവായിരുന്നു.
യോഗത്തിന്റെ മുഖപത്രമായ വിവേകോദയം പല്പുവിന്റെ മകളുടെ ഉടമസ്ഥതയിലുള്ള ആനന്ദ പ്രസ്സിലാണ് അച്ചടിച്ചിരുന്നത്. ആദ്യകാലങ്ങളിൽ ഇതിനെല്ലാം ചെലവു വഹിച്ചത് ഡോ.പല്‌പു തന്നെ. കേരളത്തിലെ അവകാശസമരങ്ങളുടെ ബാലപാഠങ്ങൾ തുടങ്ങുന്നത് ഡോ. പല്പുവിൽ നിന്നും എസ്.എൻ.ഡി.പി യോഗത്തിൽ നിന്നുമാണ്. 1891 ജനുവരി ഒന്നിന് ശ്രീമൂലം തിരുനാളിനു സമർപ്പിച്ച മലയാളി മെമ്മോറിയലിലും 1896 ൽ സെപ്തംബർ മൂന്നിന് നൽകിയ ഈഴവ മെമ്മോറിയലിലും ഡോ. പല്പു എന്ന പോരാളിയുടെ അവകാശബോധമുണ്ടായിരുന്നു.
തിരുവിതാകൂറിൽ ഉയർന്ന ഉദ്യോഗങ്ങളധികവും കയ്യാളിയിരുന്നത് പരദേശി ബ്രാഹ്മണരായിരുന്നു. 2000 രൂപ ശമ്പളം പറ്റുന്ന പരദേശി ബ്രാഹ്‌മണർ ഉദ്യോഗങ്ങളിൽ വിരാജിക്കുമ്പോൾ 500 രൂപയ്ക്കു മേൽ ശമ്പളം പറ്റുന്ന ഒരു മലയാളി പോലുമുണ്ടായിരുന്നില്ല. നായർ സമുദായത്തിലെ പുരോഗമനവാദികളായ ഒരു വിഭാഗം ഇതിനെ ചോദ്യം ചെയ്തു. ദിവാൻ പദവി പോലുള്ള ഉന്നതസ്ഥാനങ്ങളിൽ ഇന്നാട്ടുകാർക്ക് നിയമനം കിട്ടണമെന്നാവശ്യപ്പെട്ട് മഹാരാജാവിനു നൽകിയ നിവേദനമാണ് മലയാളി മെമ്മോറിയൽ.
അവഗണന നിറഞ്ഞ മറുപടിയിൽ പ്രതിഷേധിച്ച് ശ്രീമൂലം തിരുനാളിന് ഹർജി നൽകാൻ പല്പു തീരുമാനിച്ചു. അദ്ദേഹം എഴുതി തയ്യാറാക്കിയ രേഖയാണ് ഈഴവ മെമ്മോറിയൽ. മറുപടി പ്രതിഷേധാർഹമായിരുന്നു. തുടർന്ന് പല്പു, മദ്രാസ് ഗർവണർക്കും വൈസ്രോയി കഴ്സൺ പ്രഭുവിനും നിവേദനങ്ങൾ നൽകി. ഫലമുണ്ടായില്ല. ഒടുവിൽ പ്രശ്‌നം ബ്രിട്ടീഷ് പാർലമെന്റിൽ അവതരിപ്പിക്കാൻ തീരുമാനിച്ചു.
പ്രഗത്ഭ പത്രാധിപരും ചിന്തകനും അയിത്തജാതിക്കാരോട് അനുകമ്പയുള്ളയാളും ഡോ. പല്പുവിന്റെ ഉത്തമസുഹൃത്തുമായിരുന്ന ബാരിസ്റ്റർ ജി.പി. പിള്ളയെ അതിനു നിയോഗിച്ചു. യാത്രച്ചെലവിനും മറ്റുമായി, സ്വന്തം പോക്കറ്റിൽ നിന്ന് 1200 രൂപ ഉൾപ്പടെ 1500 രൂപ നല്‌കി. സ്വാമി വിവേകാനന്ദനിൽ നിന്ന് സിസ്റ്റർ നിവേദിതയ്ക്കുള്ള കത്തും പിള്ളയെ ഏല്പിച്ചു. പാർലമെന്റംഗമായ ഡബ്ള്യു.എസ്. കെയിനിനെയാണ് ആദ്യം കണ്ടത്. അദ്ദേഹത്തിന്റെ രണ്ട് ജാമാതാക്കളും പാർലമെന്റ് അംഗങ്ങളായിരുന്നു. ഇവരിലൊരാളായ ഹെർബർട്സ് റോബർട്സ് ആണ് ഈഴവരുടെ അവശതകളെപ്പറ്റി ബ്രിട്ടീഷ് പാർലമെന്റിൽ 1897 ജൂലായ് ഒൻപതിന് ചോദ്യങ്ങൾ ചോദിച്ചത്. ബ്രിട്ടനിലെയും ഇന്ത്യയിലെയും പത്രങ്ങളിലെല്ലാം പ്രശ്നം വാർത്തയായി. തിരുവിതാംകൂറിലെ ഭരണാധികാരികൾ കണ്ണുതുറക്കാൻ നിർബന്ധിതരായി.
ഐശ്വര്യപൂർണമായ കുടുംബജീവിതമായിരുന്നു ഡോക്ടറുടേത്. തിരുവനന്തപുരം മണക്കാട് പെരുനെല്ലി കൃഷ്ണൻ വൈദ്യരുടെ സഹോദരി ഭഗവതിയെയാണ് വിവാഹം കഴിച്ചത്. മൂന്ന് ആൺമക്കളും രണ്ട് പെൺമക്കളുമാണ് ഉണ്ടായിരുന്നത്.
ഡോ. പല്പുവിന്റെ അന്ത്യനാളുകൾ ദു:ഖപൂർണമായിരുന്നു. ഉറ്റവരുടെ നിര്യാണം,താൻ നട്ടുവളർത്തിയ പ്രസ്ഥാനത്തിൽ നിന്നുണ്ടായ അവഗണന എല്ലാം അദ്ദേഹം അനുഭവിച്ചു. റിട്ടയർമെന്റിനു ശേഷം കാൽനൂറ്റാണ്ട് പ്രസ്ഥാനങ്ങളുമായി യാതൊരു ബന്ധവുമില്ലായിരുന്നു.
1950 ജനുവരി 25 ന് 88 ാം വയസിൽ ഇഹലോകവാസം വെടിഞ്ഞു. പുരുഷായുസ് മുഴുവൻ മനുഷ്യാവകാശങ്ങൾക്കു വേണ്ടി പോരാടിയ മഹാനായ പോരാളിയുടെ നിര്യാണത്തിൽ അനുശോചിച്ച് കേരളകൗമുദി എഴുതിയ മുഖപ്രസംഗം അത്യന്തം ശ്രദ്ധേയമാണ്. സി.വി. കുഞ്ഞുരാമൻ, ടി.കെ. മാധവൻ, മൂർക്കോത്ത് കുമാരൻ മുതലായവരുടെ സമുദായ സേവനതത്പരതയെ ആദ്യകാലങ്ങളിൽ ഉത്തേജിപ്പിച്ചതും പോഷിപ്പിച്ചതും അദ്ദേഹമായിരുന്നു. എല്ലാ വിഭാഗത്തിന്റെയും വളർച്ചയാണ് നാടിന്റെ പുരോഗതിയെങ്കിൽ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെക്കാളും വേലുത്തമ്പി ദളവയെക്കാളും എത്രയോ കാതം മുന്നിൽ നിൽക്കുന്നത് ഡോ. പല്പുവായിരിക്കുമെന്നതിൽ സംശയം വേണ്ട. എന്നാൽ നമ്മുടെ കൊട്ടാരം സാഹിത്യകാരന്മാരും ചരിത്രകാരന്മാരും ഇത് കണ്ടില്ലെന്നു നടിക്കുന്നു.
(ലേഖകന്റെ മൊബൈൽ: 94470 37877)