cristiano

ടൂറിൻ : കൊവിഡ് ബാധിതനായതിനെത്തുടർന്ന് രണ്ടാഴ്ചയോളം വിട്ടുനിൽക്കേണ്ടിവന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ ഇരട്ടഗോൾകൊണ്ട് കളിക്കളത്തിലേക്കുള്ള തിരിച്ചുവരവ് ആഘോഷമാക്കി. കഴിഞ്ഞ രാത്രി സെരി എയിലെ നവാഗതരായ സ്പേഷ്യയ്ക്ക് എതിരെയായിരുന്നു ക്രിസ്റ്റ്യാനോയുടെ തിരിച്ചുവരവ്.മത്സരത്തിൽ യുവന്റസ് 4-1ന് ജയിച്ചു.രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയാണ് ക്രിസ്റ്റ്യാനോ രണ്ട് ഗോളുകളും നേടിയത്.

സ്പേഷ്യയുടെ തട്ടകത്തിൽ നടന്ന മത്സരത്തിന്റെ 14-ാം മിനിട്ടിൽ അൽവാരോ മൊറാട്ടോ നേടിയ ഗോളിന് യുവന്റസ് മുന്നിലെത്തിയിരുന്നു. ആദ്യം റഫറി ഓഫ്സൈഡ് വിളിച്ചെങ്കിലും വീഡിയോ റഫറി ഗോൾ അനുവദിക്കുകയായിരുന്നു.32-ാം മിനിട്ടിൽ പൊബേഗ കളി സമനിലയിലാക്കി.58-ാം മിനിട്ടിൽ പകരക്കാരനായി ഇറങ്ങിയ ക്രിസ്റ്റ്യാനോ തൊട്ടടുത്ത മിനിട്ടിൽത്തന്നെ ഗോളിയെ കബളിപ്പിച്ച് മനോഹരമായൊരു ഗോൾ നേടി.67-ാം മിനിട്ടിൽ റാബിയോട്ട് യുവെയുടെ ലീഡുയർത്തി. 76-ാം മിനിട്ടിൽ ലഭിച്ച പെനാൽറ്റിയാണ് സുന്ദരമായൊരു പനേങ്കാ കിക്കിലൂടെ ക്രിസ്റ്റ്യാനോ തന്റെ രണ്ടാം ഗോളാക്കി മാറ്റിയത്.

കൊവിഡ് കാരണം കഴിഞ്ഞ വാരം ബാഴ്സലോണയ്ക്ക് എതിരെ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ കളിക്കാൻ ക്രിസ്റ്റ്യാനോയ്ക്ക് കഴിഞ്ഞിരുന്നില്ല.ഈ മത്സരത്തിൽ യുവന്റസ് തോറ്റിരുന്നു. ഇന്നലത്തെ വിജയത്തോടെ സെരി എയിൽ നിലവിലെ ചാമ്പ്യന്മാരായ യുവെ ആറ് മത്സരങ്ങളിൽ 12 പോയിന്റുമായി മൂന്നാമതേക്ക് ഉയർന്നു.16 പോയിന്റുള്ള എ.സി മിലാനാണ് ഒന്നാമത്.

മാഞ്ചസ്റ്ററിനെ വീഴ്ത്തി ആഴ്സനൽ

ലണ്ടൻ : ഇംഗ്ളീഷ് പ്രിമിയർ ലീഗിൽ കഴിഞ്ഞ രാത്രി നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി ആഴ്സനൽ.മാഞ്ചസ്റ്ററിന്റെ തട്ടകമായ ഓൾഡ് ട്രഫോൾഡിൽ നടന്ന മത്സരത്തിന്റെ 69-ാം മിനിട്ടിൽ പെനാൽറ്റിയിലൂടെ പിയറി ഔബമയാംഗാണ് ആഴ്സനലിന്റെ വിജയഗോൾ നേടിയത്. പോൾ പോഗ്ബ നടത്തിയ അനാവശ്യമായൊരു ഫൗളാണ് നിർണായക പെനാൽറ്റിക്ക് വഴി തുറന്നത്.

ഈ വിജയത്തോടെ ആഴ്സനൽ ഏഴുകളികളിൽ നിന്ന് 12 പോയിന്റുമായി പ്രിമിയർ ലീഗിൽ ഒൻപതാം സ്ഥാനത്താണ്. മാഞ്ചസ്റ്റർ യുണൈറ്റഡാകട്ടെ ആറ് കളികളിൽ നിന്ന് ഏഴുപോയിന്റുമായി 15-ാം സ്ഥാനത്തും. നിലവിലെ ചാമ്പ്യന്മാരായ ലിവർപൂളാണ് ഒന്നാമത്.

മാഞ്ചസ്റ്റർ യുണൈറ്റഡ് കോച്ചായി തന്റെ നൂറാം മത്സരത്തിൽ തോൽവി ഏറ്റുവാങ്ങാനായിരുന്നു സോൾഷ്യറുടെ വിധി

2006ന് ശേഷം ആദ്യമായാണ് ആഴ്സനൽ ഓൾഡ് ട്രഫോൾഡിൽച്ചെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോൽപ്പിക്കുന്നത്.

തുടർച്ചയായ നാലാം മത്സരത്തിലാണ് ഹോംഗ്രൗണ്ടിൽ വിജയിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന്കഴിയാതെ പോകുന്നത്.

ബെയ്ൽ ഗോളടിച്ചു,ടോട്ടനത്തിന് ജയം

റയൽ മാഡ്രിഡിൽ നിന്ന് തന്റെ പഴയ ക്ളബ് ടോട്ടൻഹാമിലേക്ക് തിരിച്ചുവന്നശേഷമുള്ള ആദ്യ ഗോൾ നേടി ഗാരേത്ത് ബെയ്ൽ.കഴിഞ്ഞ രാത്രി ബ്രൈറ്റൺ ആൻഡ് ഹോവിനെതിരെ ടോട്ടൻഹാം 2-1ന് ജയിച്ചപ്പോൾ വിജയഗോൾ നേടിയത് ബെയ്ലാണ്.13-ാം മിനിട്ടിൽ പെനാൽറ്റിയിലൂടെ ഹാരി കേനാണ് ടോട്ടനത്തിന്റെ ആദ്യ ഗോളടിച്ചത്. 56-ാം മിനിട്ടിൽ ലാംപ്തേ കളി സമനിലയിലാക്കി. 73-ാം മിനിട്ടിലായിരുന്നു ബെയ്ലിന്റെ വിജയഗോൾ.