തിരുവനന്തപുരം: നഗരത്തിലെ മാലിന്യ കൂമ്പാരമായിരുന്ന എരുമക്കുഴി മാലിന്യശേഖരം ' സന്മതി ' പൂങ്കാവനമായി. ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി നിർവഹിക്കും. മേയർ കെ. ശ്രീകുമാർ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ മന്ത്രിമാരായ ടി.എം. തോമസ് ഐസക്, എ.സി. മൊയ്‌തീൻ, കടകംപള്ളി സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും. ' സന്മതി ' എന്നാൽ നല്ല ബുദ്ധി എന്നാണ് അർത്ഥമാക്കുന്നത്. പാർക്കിന് പേര് നിർദ്ദേശിക്കാൻ പൊതുജനങ്ങൾക്ക് മേയർ അവസരം നൽകിയിരുന്നു. വിളപ്പിൽശാല മാലിന്യ സംസ്‌കരണ പ്ലാന്റ് അടച്ചുപൂട്ടിയ ശേഷം എരുമക്കുഴിയിലായിരുന്നു മാലിന്യം നിക്ഷേപിച്ചിരുന്നത്. സമീപവാസികൾക്ക് പകർച്ച വ്യാധികൾ ഉൾപ്പെടെ നിരവധി രോഗങ്ങൾ പിടിപെട്ട സാഹചര്യത്തിലാണ് നഗരസഭ ഇവിടെ പുതിയ പദ്ധതിക്ക് രൂപം നൽകിയത്. ലോക്ക് ഡൗൺ മൂലം തൊഴിൽ രഹിതരായ അതിഥി തൊഴിലാളികളുടെയും നഗരത്തിൽ അലഞ്ഞുതിരിഞ്ഞു നടന്നിരുന്നവർക്കും ദിവസവേതനം നൽകിയാണ് എരുമക്കുഴിയിലെ മാലിന്യം നീക്കംചെയ്യുന്ന പ്രവർത്തനങ്ങൾക്കായി നഗരസഭ നിയോഗിച്ചത്. എരുമക്കുഴിയിലെ മാലിന്യം അവിടത്തന്നെ വേർതിരിച്ച് വൃത്തിയാക്കി കിലോയ്‌ക്ക് 10 രൂപ നിരക്കിൽ നഗരസഭ ക്ലീൻ കേരള കമ്പനിക്ക് നൽകിയാണ് നീക്കം ചെയ്യുന്നത്. എരുമക്കുഴിയിൽ ലാൻഡ്സ്കേപ്പ് ഉൾപ്പെടെയുള്ള പൂന്തോട്ടത്തിന്റെ നിർമ്മാണമാണ് സജ്ജീകരിക്കുക. ഇതിന്റെ തുടർച്ചയായി വനിതാ സൗഹൃദ കേന്ദ്രവും എരുമക്കുഴിയിൽ ആരംഭിക്കും. മിനി ആർ.ആർ.സിയുടെ നിർമ്മാണവും എരുമക്കുഴിയിൽ പൂർത്തിയായി. പൂന്തോട്ടത്തിനകത്തുള്ള നടപ്പാത ഇന്റർലോക്ക് ചെയ്‌തു. പ്രദേശത്ത് പുതിയ ഗേറ്റ്, ഫെൻസിംഗ് എന്നിവയും സജ്ജമാക്കും. 35 ലക്ഷം രൂപ പാർക്ക് നിർമ്മാണത്തിനും 13 ലക്ഷം രൂപ മാലിന്യം നീക്കാനുമായി ചെലവാക്കി.