അറസ്റ്റിലായവരുടെ എണ്ണം ആറായി
ഗുണ്ട ഉൾപ്പെടെ രണ്ടു പേർക്കായി കർണാടകയിൽ തിരച്ചിൽ
കോട്ടയം: ചിങ്ങവനത്തെ സ്വർണ വ്യാപാരിയെ തട്ടിക്കൊണ്ടു പോയി ഹണിട്രാപ്പിൽപ്പെടുത്തി മൂന്നു ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലാണ് നാലു പേർ കുടുങ്ങി.
മുഖ്യ ആസൂത്രകൻ തളിപ്പറമ്പ് കുറ്റിയാട്ടൂർ മയ്യിൽ നൗഷാദ് (41), ഇയാളുടെ മൂന്നാം ഭാര്യ തൃക്കരിപ്പൂർ എളമ്പച്ചി പുത്തൻപുരയിൽ ഫസീല (34), ഉദിനൂർ സ്വദേശി അൻസാർ (23), അൻസാറിന്റെ ഭാര്യ സുമ (30) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസമായിരുന്നു കേസിനാസ്പദമായ സംഭവം.
കോട്ടയത്തെ ഒരു ഗുണ്ടയെയും കാസർകോട് സ്വദേശിയെയും പൊലീസ് തിരയുന്നു. ഇന്നലെ രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാലു പേർ അറസ്റ്റിലായതോടെയാണ് അന്വേഷണം ഇവരിലേക്ക് നീണ്ടത്. കാസർകോട്ടു നിന്നാണ് ഇവരെ പിടികൂടിയത്.
കുഴൽപ്പണവുമായി എത്തുന്ന വാഹനങ്ങൾ തടഞ്ഞുനിർത്തി പണം തട്ടിയെടുക്കലായിരുന്നു പ്രതികളുടെ പ്രധാന പരിപാടി. കൊവിഡ് കാലത്ത് കുഴൽപ്പണം എത്തുന്നതിനു തടസം നേരിട്ടതോടെ കോട്ടയത്തെ കുപ്രസിദ്ധ ഗുണ്ടയുമായി ചേർന്ന് പ്രതികൾ ഹണിട്രാപ്പിന് പദ്ധതി തയ്യാറാക്കി. നൗഷാദിന്റെ നിർദ്ദേശപ്രകാരം ഭാര്യ ഫസീലയാണ് സ്വർണ വ്യാപാരിയെ ഫോൺ വിളിച്ചു വരുത്തിയത്. തുടർന്ന് സുമയ്ക്കൊപ്പം ഇരുത്തി നഗ്നചിത്രം പകർത്തി. ഇതുവച്ച് ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയെടുത്തത്. വ്യാപാരിയുടെ പരാതിയിൽ പ്രവീൺ, മുഹമ്മദ് ഹാനിഷ് എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ഇവരിൽ നിന്ന് മറ്റ് പ്രതികൾ കർണ്ണാടകത്തിൽ ഒളിവിൽ കഴിയുന്നുണ്ടെന്ന് വ്യക്തമായി. ഡിവൈ.എസ്.പി.ആർ ശ്രീകുമാറിന്റെ മേൽ നോട്ടത്തിൽ ഈസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫീസർ നിർമ്മൽ ബോസ്, ഈസ്റ്റ് സബ് ഇൻസ്പെക്ടർ രഞ്ജിത്ത് വിശ്വനാഥൻ, അസി. സബ് ഇൻസ്പെക്ടർ അരുൺകുമാർ കെ.ആർ, സബ് ഇൻസ്പെക്ടർ ഷിബുക്കുട്ടൻ, സൈബർ സെൽ വിദഗ്ദ്ധനായ മനോജ് കുമാർ വി.എസ് എന്നിവർ ഒരാഴ്ചയായി കാസർകോട് താമസിച്ച് പ്രതികളുടെ നീക്കങ്ങൾ നിരീക്ഷിക്കുകയായിരുന്നു. തുടർന്നായിരുന്നു അറസ്റ്റ്.
ജില്ലയിലെ മറ്റൊരു സ്വർണ വ്യാപാരിയെയും പ്രമുഖ രാഷ്ട്രീയക്കാരനെയും ഹണിട്രാപ്പിൽപെടുത്താൻ സംഘം ശ്രമിച്ചിരുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. എന്നാൽ ചിങ്ങവനത്തെ വ്യാപാരി പരാതി നൽകിയതോടെ ഇത് പൊളിയുകയായിരുന്നു.