തൃശൂർ :വീട്ടമ്മയ്ക്കെതിരെ തുടർച്ചയായി നവമാദ്ധ്യമങ്ങളിൽ വ്യക്തിഹത്യ നടത്തിയതിന് യുവാവിനെതിരെ വലപ്പാട് പൊലീസ് കേസെടുത്തു. നാട്ടിക ജമാഅത്ത് പള്ളിയ്ക്കു സമീപം താമസിക്കുന്ന ഇളയേടത്തു വീട്ടിൽ ഉമ്മർഹാജിയുടെ മകൻ മുഹമ്മദ് അദീപിന് (36) എതിരെയാണ് പൊലീസ് കേസെടുത്തത്. വീട്ടമ്മയെ മോശമായി ചിത്രീകരിച്ച് ഫേസ്ബുക്കിൽ സന്ദേശമിട്ടെന്ന പരാതിപ്രകാരമാണ് കേസ്. ഇന്ത്യൻ ശിക്ഷാ നിയമം 354(സ്ത്രീകളെ അപമാനിക്കുക) , കേരള പൊലീസ് ആക്ട് പ്രകാരം സ്ത്രീകളെ മോശമായി ചിത്രീകരിക്കുക, നവമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുക എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ്.
നവമാദ്ധ്യമത്തിലൂടെ അപമാനിച്ചെന്ന് കാട്ടി ഡി.ഐ.ജി എസ്.സുരേന്ദ്രന് വീട്ടമ്മ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. മുഹമ്മദ് അദീപിനെതിരെ വലപ്പാട് സ്റ്റേഷനിലും തൃശൂർ സൈബർ സെല്ലിലുമായി നാലുകേസുകൾ പൊലീസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇനി ഒരു വർഷത്തിനുള്ളിൽ ഒരു കേസ് കൂടി റജിസ്റ്റർ ചെയ്താൽ സ്റ്റേഷൻ റൗഡി ലിസ്റ്റിൽ ഉൾപ്പെടുത്തുമെന്ന് പൊലീസ് പറഞ്ഞു.
നവമാദ്ധ്യമങ്ങളിലൂടെ വ്യക്തിഹത്യ നടത്തിയെന്നാണ് അഞ്ചു കേസുകളിലെയും കുറ്റം. വനിതാ പൊലീസ് സംഘം വീട്ടമ്മയുടെ വീട്ടിൽ എത്തി മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെ, പ്രതിയെ വലപ്പാട് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി തുടർനടപടികൾ സ്വീകരിച്ചു.
പൊലീസ് സ്റ്റേഷനിൽ പ്രതിയെ വീട്ടമ്മ തിരിച്ചറിഞ്ഞു. അഞ്ചു കേസുകളിലും സൈബർ തെളിവുകൾ സഹിതം പൊലീസ് കുറ്റപത്രം സമർപ്പിക്കും. കോവിഡ് കാലമായതിനാൽ ഏഴു വർഷം താഴെയുള്ള കുറ്റങ്ങൾക്ക് പൊലീസ് അറസ്റ്റ് ഒഴിവാക്കിയിട്ടുണ്ട്. അതുക്കൊണ്ട്, ഈ കേസുകളിലും അറസ്റ്റ് നോട്ടീസ് പ്രതിക്ക് കൈമാറി.