
കാസർകോട്: മദ്യക്കടത്ത് കേസിൽ ഒളിവിലായിരുന്ന രണ്ട് പ്രതികൾ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി.
കാസർകോട് മധൂർ ബൈനടുക്കയിലെ ആർ.കെ. ദിനേശ് എന്ന ഗിരീഷ് (30), ബന്തിയോട് വീരനഗറിലെ രജിൻകുമാർ എന്ന കണ്ണൻ (22) എന്നിവരാണ് ഇന്നലെ രാവിലെ കുമ്പള പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്.
ജൂണിൽ നായ്ക്കാപ്പ് അനന്തപുരത്ത് വച്ച് കാറിൽ കടത്തുകയായിരുന്ന 144 പാക്കറ്റും 672 കുപ്പിയും മദ്യം കുമ്പള പൊലീസ് പിടികൂടിയിരുന്നു.
പൊലീസ് പിന്തുടരുന്നതിനിടെ കാർ ഉപേക്ഷിച്ച് രക്ഷപ്പെട്ട കേസിലെ പ്രതിയാണ് രജിൻകുമാർ എന്ന് പൊലീസ് പറഞ്ഞു. ജുലായിൽ കൊടിയമ്മ പൂക്കട്ടയിൽ കാറിൽ കടത്തുകയായിരുന്ന 1248 കുപ്പി കർണാടക മദ്യം പൊലീസ് പിടിച്ചിരുന്നു.
പൊലീസ് പരിശോധനക്കിടെ പ്രതി കാർ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. ഈ കേസിലെ പ്രതിയാണ് ദിനേശ്. രണ്ടുപേരും കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. ഇത് തള്ളിയതോടെയാണ് സ്റ്റേഷനിൽ കീഴടങ്ങിയത്. സർവീസിൽ നിന്ന് നാളെ വിരമിക്കുന്ന അഡിഷണൽ എസ്.ഐ. പി. സോമയ്യയാണ് ഇരു കേസുകളും അന്വേഷിച്ചിരുന്നത്. സോമയ്യക്ക് മുമ്പാകെയാണ് പ്രതികൾ കീഴടങ്ങിയത്.