തിരുവനന്തപുരം: നാലാഞ്ചിറ തിലക് നഗറിൽ മദ്ധ്യവയസ്‌കയും മകനും വാടകയ്‌ക്ക് താമസിച്ചിരുന്ന വീടും വാഹനങ്ങളും അടിച്ചുതകർത്ത പ്രതികളെ പൊലീസ് പിടികൂടി. മലയിൻകീഴ് സ്വദേശികളായ മേപ്പക്കട വെട്ടിക്കോണത്തു വീട്ടിൽ അഭിലാഷ് (33), അരുവിപ്പാറ സുജിത്ത് നിവാസിൽ സുജിത്ത് (26), മേപ്പുക്കട കൊഴക്കാട് എസ്.എസ്. ഭവനിൽ സജീവ് (24) എന്നിവരെയാണ് മണ്ണന്തല പൊലീസ് അറസ്റ്റുചെയ്‌തത്. 28ന് പുലർച്ചെ ഒന്നിനായിരുന്നു സംഭവം. പ്രതികൾ മാരകായുധങ്ങളുമായി മദ്ധ്യവയസ്‌കയുടെ മകനെ ആക്രമിക്കാനെത്തുകയായിരുന്നു. മകൻ വീട്ടിൽ ഇല്ലാത്തതിനാൽ പ്രതികൾ വീട്ടിൽ അതിക്രമിച്ചുകയറി വീടും വാഹനങ്ങളും അടിച്ചുതകർത്തു. സംഭവശേഷം ഇവർ ഒളിവിലായിരുന്നു. പ്രതികൾക്കെതിരെ മ്യൂസിയം, പൂജപ്പുര, മലയിൻകീഴ് സ്റ്റേഷനുകളിൽ കേസുകളുണ്ട്. ഇവർക്കുള്ള അന്തർ സംസ്ഥാന പെൺവാണിഭ ബന്ധത്തെക്കുറിച്ചും പൊലീസിനു വിവരം ലഭിച്ചു. സംഭവത്തിന് ഉപയോഗിച്ച മാരകായുധങ്ങൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മണ്ണന്തല എസ്.എച്ച്.ഒ ജി.പി. സജുകുമാർ, എസ്.ഐ ഗോപിചന്ദ്രൻ. ഒ.വി, എസ്.സി.പി.ഒ നാസർ, സി പി.ഓമാരായ രതീഷ്, അജീഷ് എന്നിവരടങ്ങുന്ന സംഘം പിടികൂടിയ പ്രതികളെ റിമാൻഡ് ചെയ്‌തു.