traffic

തിരുവനന്തപുരം: നഗരത്തിൽ ഗതാഗത നിയമ ലംഘകർക്കെതിരെ ഇ - ചെലാൻ പെറ്റി സംവിധാനം കർശനമാക്കിയതായി സിറ്റി പൊലീസ് കമ്മിഷണർ ബൽറാംകുമാർ ഉപാദ്ധ്യായ അറിയിച്ചു. സംസ്ഥാനത്ത് ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ പിഴ ചുമത്തുന്നതിന് നിലവിലുള്ള സംവിധാനത്തിന് പുറമെ ഇ- ചെലാൻ മെഷീൻ ഉപയോഗിച്ച് പിഴ ഈടാക്കുന്ന സംവിധാനം സെപ്തംബർ 22ന് നിലവിൽ വന്നു. ഹെൽമെറ്റ്, സീറ്റ് ബെൽറ്റ് എന്നിവ ധരിക്കാതെ യാത്ര ചെയ്യുന്നവരുടെ ചിത്രം ഉൾപ്പെടെ വാഹനത്തിന്റെ യഥാർത്ഥ ഉടമയുടെ വിവരങ്ങളും ഡ്രൈവറുടെ ലൈസൻസിന്റെ വിവരങ്ങളും ഇൻഷ്വറൻസ്, ടാക്സ്, പുക മലിനീകരണം എന്നീ സർട്ടിഫിക്കറ്റുകളുടെ കാലാവധി കഴിഞ്ഞിട്ടുണ്ടോയെന്നതും ഇ -ചെല്ലാൻ സംവിധാനം വഴി അറിയാം. കൂടാതെ വാഹനത്തിന്റെ രജിസ്‌ട്രേഷൻ നമ്പർ ഉപയോഗിച്ചും വിവരങ്ങൾ ലഭിക്കുന്നതാണ്. പിഴ തുക അടയ്ക്കാതെ വീണ്ടും വാഹനം ഗതാഗത നിയമലംഘനം നടത്തിയാൽ ഇ -ചെല്ലാൻ വഴി തിരിച്ചറിയാൻ സാധിക്കും. വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്നും കമ്മിഷണർ അറിയിച്ചു.