ചാലക്കുടി: ചന്ദനക്കുന്നിൽ പൂത്തുലയുന്ന ചന്ദന മരങ്ങളിൽ കണ്ണും നട്ട് വനംകൊള്ളക്കാർ. വനപാലകർക്കാണെങ്കിൽ ഇവരെ പ്രതിരോധിയ്ക്കാനാകാതെ സ്ഥിതിയാണ്. കോടശേരി മലയിലെ കനകമല കുരിശുവഴി മുതൽ ചന്ദനക്കുന്നു വരെ നീളുന്ന ആറ് കിലോ മീറ്റർ പ്രദേശങ്ങളിൽ മുപ്പതോളം വർഷം പഴക്കമുള്ള ചന്ദന മരങ്ങൾ കൂട്ടംകൂടി വളരുന്നുണ്ട്. മേച്ചിറയിലും ചന്ദനക്കുന്നിലും ഇവ ഇടതൂർന്ന നിലയിലും കാണുന്നു. എന്നാൽ ഭാവിയിൽ മറയൂരിനെപോലും പിന്നിലാക്കും രീതിയിൽ വളരുന്ന മരങ്ങളെ സംരക്ഷിക്കുന്നതിന് വനം വകുപ്പിന്റേതായി മുൻകരുതലുകൾ ഒന്നുമില്ല. വനസംരക്ഷണത്തിന്റെ പേരിൽ നാട്ടുകാരെ ഭയപ്പെടുത്തി അകറ്റി നിറുത്തുന്നതല്ലാതെ മറ്റൊന്നും ചെയ്യാൻ ഇവർക്കാകുന്നില്ല. ഇതിനകം നടന്ന മോഷണങ്ങളും മോഷണ ശ്രമങ്ങളും ഇതിനു ഉദാഹരണങ്ങളാണ്.
പുറത്തറിയാത്ത പല ചന്ദന മോഷങ്ങളും കാടിനകത്ത് നടന്നിട്ടുണ്ടത്രെ. ഉദ്യോഗസ്ഥരുടെ കാര്യക്ഷമതാ കുറവും ദീർഘ വീഷ്ണമില്ലായ്മയുമാണ് ഇതിനു കാരണം. മുപ്പതു വർഷം മുമ്പായിരുന്നു കോടശേരി മലയിലെ സ്വാഭാവിക ചന്ദനമരങ്ങളുടെ വളർച്ച. വർഷങ്ങൾ പിന്നിടുമ്പോൾ ഇവയെ കള്ളന്മാരുടെ കണ്ണിൽ നിന്നും സംരക്ഷിക്കുന്നതിന് യാതൊരു പദ്ധതികളുമുണ്ടായില്ല. നാട്ടിൽ സാമൂഹ്യ വനവത്കരണത്തിന് കോടികൾ ചിലവിടുന്ന വകുപ്പും ഉദ്യോഗസ്ഥരും സ്വന്തം തട്ടകത്തിലെ ചന്ദനമരങ്ങളെ കണ്ടില്ലെന്ന് നടിച്ചു. ഇവയുടെ വളർച്ച ഭാവിയിൽ ഇത്തരം മോഷണ ഉണ്ടാക്കുമെന്ന വസ്തുത വനംവകുപ്പ് മാത്രം മനസിലാക്കിയില്ല.
പുറത്തു നിന്നെത്തുന്ന മോഷ്ടാക്കളെ കണ്ടെത്തുന്നിൽ പലപ്പോഴും ഉദ്യോഗസ്ഥർ ഗുരുതരമായ വീഴ്ചയാണ് വരുത്തുന്നത്. ഇപ്പോഴും നാട്ടുകാരെ പഴിചാരുന്നതിലാണ് മേഖലയിലെ ഉദ്യോഗസ്ഥർ ശ്രദ്ധ കേന്ദ്രീകരിക്കുന്നതത്രെ. മോഷ്ടാക്കൾക്ക് വഴികാട്ടിയാകാൻ ആളുകളുണ്ടെന്നാണ് ഇവരുടെ നിഗമനം. മേച്ചിറയിലും മലയുടെ മറുഭാഗത്തെ മറ്റത്തൂർ ഭാഗത്തും വ്യാപകമായി ചന്ദനം വളരുന്നുണ്ടെന്ന രഹസ്യം പുറംലോകം ഇതുവരേയും അറിഞ്ഞില്ലെന്നാണ് ഉദ്യോഗസ്ഥർ നടിക്കുന്നത്. റേഞ്ചുകൾ തമ്മിലുള്ള ഏകോപനമില്ലായ്മയും മരംവെട്ടുകാർക്ക് യഥേഷ്ടം കാട്ടിലെത്താൻ അവസരമുണ്ടാക്കുന്നുവെന്നും പറയുന്നു.